കണ്ണൂർ: 23-കാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയുടെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്തിയ ശ്യാംജിത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് പോലീസ്. തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്ന ബോധ്യമാണ് പ്രതിക്കുള്ളതെന്ന് പോലീസ് പറയുന്നു. ഇപ്പോൾ 25 വയസാണ് തനിക്കുള്ളത്. ശിക്ഷ കിട്ടിയാൽ 14 വർഷം ജയിൽ വാസമാണെന്ന് അറിയാം. ഇത് ഗൂഗിളിൽ തിരഞ്ഞെപ്പോൾ മനസിലായതാണ്. എന്തായാലും 39-ാം വയസിൽ പുറത്തിറങ്ങാനാകുമെന്നും നല്ലകാലം തനിക്ക് നഷ്ടപ്പെടില്ലെന്നും പ്രതി പോലീസിന് മൊഴി നൽകിയെന്നാണ് വിവരം.
അതേസമയം സീരിയൽ കില്ലർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമകൾ തനിക്ക് പ്രചോദനമായെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊന്നതിന് ശേഷം അവളുടെ സുഹൃത്തിനെയും കൊല്ലാനായിരുന്നു പദ്ധതി. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്ന് ധരിച്ചതാണ് പ്രതിയെ കൊലപാതകത്തിലെത്തിച്ചത്.
മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം നടത്തി ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയുടെ മനോഭാവത്തിൽ കുറ്റബോധത്തിന്റെ കണിക പോലുമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. പോലീസുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയിലും പ്രതിക്ക് പ്രത്യേകിച്ച് ഭാവഭേദമുണ്ടായിരുന്നില്ല. വീട്ടുകാരുടെ മുമ്പിൽ യാതൊരു കൂസലുമില്ലാതെയാണ് ശ്യാംജിത്ത് നിന്നിരുന്നത്. പ്രതിയെ തളിപ്പറമ്പ് മുൻസിഫ് കോടതി ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
















Comments