ചെറുപ്പം തോന്നിക്കുക എന്നത് മിക്കവരും ആഗ്രഹിക്കുന്ന കാര്യമാണ്. പ്രായമായാലും, അധികം വയസ് തോന്നിക്കരുതെന്നാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുക. വയസ് ഏറെയായെന്ന് കാണുന്നവർ മനസിലാക്കേണ്ട എന്ന് കരുതുന്നവരാണ് ഇത്തരക്കാർ. പലർക്കും സ്വന്തം പ്രായമെത്രയാണെന്ന് തുറന്നുപറയാൻ പോലും പ്രയാസം തോന്നുന്നതിന് കാരണമിതാണ്. എന്നും ചെറുപ്പമായിരിക്കണമെന്ന ആഗ്രഹമാണ് ഈ തോന്നലുകൾക്കെല്ലാം അടിസ്ഥാനം. ഇത്തരത്തിൽ എപ്പോഴും ചെറുപ്പമായിരിക്കാൻ എന്തെങ്കിലും വിദ്യയുണ്ടോ?
മരുന്ന് കഴിച്ചാൽ പനി മാറുന്നതുപോലെ എന്തെങ്കിലും ഒരു ഗുളിക കഴിച്ചതുകൊണ്ട് ചെറുപ്പമായിരിക്കാൻ മനുഷ്യർക്ക് സാധിക്കില്ല. എന്നാൽ ദൈനംദിന ജീവതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അഥവാ ചില ശീലങ്ങൾ സ്വായത്തമാക്കിയാൽ ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ ജീവിക്കാൻ പ്രായമായവർക്ക് സാധിക്കും.
1. മുഖത്ത് യഥാർത്ഥ പുഞ്ചിരിയണിയുക
എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും, മുഖത്ത് പുഞ്ചിരി വിടർത്താനും ശ്രമിക്കുക. ഒരു ഘട്ടം കഴിഞ്ഞാൽ ഇതിനായി മനഃപൂർവ്വം ശ്രമിക്കാതെ ചെയ്യാൻ തുടങ്ങും. എപ്പോഴും പുഞ്ചിരിച്ച മുഖമായി നടക്കുന്നയാളായി മാറും. മുഖത്തെ പുഞ്ചിരികൊണ്ട് നിരവധി മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കും. എപ്പോഴും പോസിറ്റീവായി ഇരിക്കുന്നത് പ്രത്യേക ഊർജ്ജവും ചുറുചുറുക്കും സമ്മാനിക്കും.
2. കുട്ടികളോടൊപ്പം ചിലവഴിക്കുക
ധാരാളം സമയം നാം മൊബൈലിൽ നോക്കിയും വാചകമടിച്ചും കളയാറുണ്ട്. ഇത്തരത്തിൽ സമയം ലഭിക്കുമ്പോൾ അത് കുട്ടികളോടൊപ്പം ചിലവഴിക്കാൻ ശ്രമിക്കുക. അവരോടൊപ്പം കളിച്ചും ചിരിച്ചും അവരുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തും ഇരിക്കുന്നതിലൂടെ നമ്മുടെ മനസിന്റെ പ്രായം കുറഞ്ഞുവരുന്നതാണ്. ഇത് നമ്മുടെ പ്രവൃത്തികളിൽ നിഴലിക്കാൻ തുടങ്ങുന്നതോടെ ഏറെ പ്രായം ചെന്ന വ്യക്തിയായി കാണുന്നവർക്ക് അനുഭവപ്പെടുകയില്ല.
3. അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുക
കട്ടിയേറിയ ആഹാരം കഴിക്കുന്നതിലൂടെ ശരീരത്തിൽ ധാരാളം ഫാറ്റ് അടിഞ്ഞുകൂടുന്നു. ഇതുവഴി ശരീരത്തിന്റെ ഭാരം കൂടുന്നു. വണ്ണം വെക്കുന്തോറും കാഴ്ചയിൽ പ്രായം തോന്നിക്കുന്നതും കൂടുന്നതാണ്. അതിനാൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ വ്യായാമത്തിലൂടെ നീക്കം ചെയ്ത് ആരോഗ്യപരമായ ശരീരത്തെ വാർത്തെടുക്കുക. ഇതുവഴി നാം ചെറുപ്പമായി തോന്നുന്നതാണ്.
4. സ്വപ്‌നങ്ങൾക്ക് പിറകെ സഞ്ചരിക്കുക
ജീവതത്തിൽ ഓരോരുത്തർക്കും ഓരോ കാര്യത്തോടാണ് അഭിനിവേശമുണ്ടാകുക. അവയെ നേടിയെടുക്കാനുള്ള പരിപൂർണമായ ശ്രമം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണ്. കരിയർ, കലാപരമായ താൽപര്യങ്ങൾ, സാമൂഹ്യസേവനം എന്ന് തുടങ്ങി പലർക്കും പലതിനോടായിരിക്കും അഭിനിവേശമുണ്ടാകുക. ഇത് തിരിച്ചറിഞ്ഞ് അവ നേടിയെടുക്കാൻ സഞ്ചരിക്കേണ്ടതാണ്.
5. സൂര്യനെ കണ്ടും പുകവലിച്ചും സമയം കളയാതിരിക്കുക
വെയിലേറ്റ് കരുവാളിച്ച് പോകുന്നത് ചർമ്മത്തെ തകരാറിലാക്കും. ചർമ്മത്തിന്റെ ആരോഗ്യം മനുഷ്യനെ ചെറുപ്പം തോന്നിപ്പിക്കുന്നതിൽ പ്രധാനമാണ്. അതിനാൽ വെയിലേറ്റ് കരുവാളിക്കാതിരിക്കുകയും സൂര്യപ്രകാശമേൽക്കേണ്ടി വരുമ്പോൾ സൺസ്‌ക്രീൻ പോലുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. അതുപോലെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഹാനീകരമായ പുകവലി തീർത്തും ഉപേക്ഷിക്കേണ്ടതാണ്.
6. ചർമ്മത്തെ കാത്തുസൂക്ഷിക്കുക
ചർമ്മം ആരോഗ്യത്തോടെയിരിക്കാൻ ചെയ്യേണ്ടുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും ധാരാളം വെള്ളം കുടിക്കുക. പോഷകാഹാരമുള്ള ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ പിന്തുടരുന്നത് ചർമ്മത്തെ സുന്ദരമായി നിലനിർത്താൻ സഹായിക്കും.
7. നിങ്ങളെ സന്തോഷിപ്പിക്കുന്ന സൗഹൃദങ്ങളെ കണ്ടെത്തുക.
നല്ല സുഹൃത്ത് വലയങ്ങൾ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഏറെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ കണ്ടെത്തുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്യുന്നതിലൂടെ സമ്മർദ്ദങ്ങളില്ലാതെ കഴിയാൻ നമുക്ക് സാധിക്കും.
ഈ ഏഴ് മാർഗങ്ങൾ ജീവിതത്തിലുടനീളം ശീലമാക്കിയാൽ ഒരു പരിധിവരെ നിങ്ങൾ ചെറുപ്പക്കാരായി ഇരിക്കും. കാഴ്ചയിൽ പ്രായം തോന്നാതെ ഊർജ്ജസ്വലതയോടെ നീങ്ങാനും പെരുമാറാനും ഈ മാർഗങ്ങൾ സഹായിക്കുന്നതാണ്.
















Comments