ഇന്ന് ആളുകൾ അലങ്കാരമായി കൊണ്ടുനടക്കുന്ന ഒന്നാണ് നടുവേദന. കൗമാരക്കാർ മുതൽ പ്രായമായവർ വരെ നേരിടുന്ന ആരോഗ്യപ്രശ്‌നമാണ് നടുവേദന എന്നത്. അഞ്ചിൽ ഒരാൾക്ക് ഇന്ന് നടുവേദന കാണപ്പെടുന്നു. നടുവേദനയ്‌ക്കൊപ്പം നേരിടുന്ന പ്രശ്‌നമാണ് കഴുത്ത് വേദനയും. ഇതിനുള്ള കാരണം തേടി മടുത്തവരാണോ നിങ്ങൾ..? എങ്കിൽ അതിനുള്ള ഉത്തരം എടുത്താൽ പൊങ്ങാത്ത ബാഗിന്റെ ഉപയോഗം തന്നെയാണ്.
സ്‌കൂളിൽ പോകുന്നവരും ഡെലിവറി ജോലി ചെയ്യുന്നവരും യാത്രയ്‌ക്കായി പോകുന്നവരും മറ്റ് ദൂരയാത്ര ചെയ്യുന്നവരുമാണ് അധികവും ഇത്തരത്തിലുള്ള വേദന സഹിക്കുന്നത്. ബാഗ് തെറ്റായി തൂക്കി പോകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. ബാഗ് ഉപയോഗിക്കുമ്പോൾ അതിന്റെ ഭാരമെത്രയാണെന്ന് തിരച്ചറിയുന്നത് പ്രധാനമാണ്. ഒരാൾക്ക് ചുമക്കാൻ കഴിയുന്നതിലും ഭാരം ബാഗിൽ നിറയ്‌ക്കുന്നത് നട്ടെല്ല് വളയുന്നതിന് വരെ കാരണമാകും.
അമിത ഭാരം ചുമക്കുന്നത് വഴി കഴുത്തുവേദനയ്‌ക്കപ്പുറം ഹൃദയത്തിന്റെ ആരോഗ്യത്തെ വരം ബാധിക്കാനിടയുണ്ട്. ഭാരമേറിയ ബാഗ് ഒരു തോളിൽ തൂക്കിയിടുന്നതാണ് പ്രധാന പ്രശ്‌നം. ഇങ്ങനെ ചെയ്യുമ്പോൾ ബാഗിന്റെ ഭാരം മുഴുവൻ ഒരു തോളിലേക്ക് വരുന്നു. ഇതുവഴി നട്ടെല്ല് വളയാനും അകലാനും സാധ്യതയേറെയാണ്. ബാഗിന്റെ ഭാരം നട്ടെല്ലിലും തോളിലും കൃത്യമായി വിഭജിക്കാതെ വരുന്നതാണ് ഇതിന് കാരണം.
ദിവസവും 25-ഉം 30-ഉം കിലോയുള്ള ബാഗുകൾ തൂക്കുന്ന ഒരാളാണെങ്കിൽ നടുവേദനയ്‌ക്ക് പുറമെ ഗുരുതര ഹൃദ്രോഗത്തിന് കാരണമാകും. ഇടയ്‌ക്കിടയ്‌ക്ക് ബാഗ് ഇറക്കി വിശ്രമിക്കുന്നത് നല്ലതാണ്. വിട്ടുമാറാത്ത നടുവേദന രണ്ട് ദിവസം മുതൽ രണ്ടാഴ്ച വരെ നീണ്ട് നിൽക്കാൻ സാധ്യതയുണ്ട്. ഇത്തരക്കാർ ജിമ്മിൽ വ്യായാമത്തിനായി പോകരുതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. നിത്യവും കംപ്യൂട്ടറിന് മുന്നിൽ സമയം ചിലവഴിക്കുന്നവരാണെങ്കിലും പ്രത്യേക ശ്രദ്ധ പുലർത്തണം. ഇവരെയും നടുവേദന അലട്ടുന്നുണ്ടാകാം. ഇരിക്കുന്നത് ശരിയല്ലാത്തതിനാലാണ് ഇവർക്ക് നടുവേദന വരുന്നത്. തലയണ പിറകിൽ വെക്കുന്നത് നടുവേദനയ്‌ക്ക് ആശ്വാസം നൽകും. ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും ഉത്തമമാണ്. പേശികൾക്കുള്ളിൽ നീർക്കെട്ട് വീഴുമ്പോളാണ് ഇത്തരം നടുവേദനകൾ വരുന്നത്. വ്യായമമുറകൾ കൊണ്ട് ഇവയെ തുരത്താനാകും.
















Comments