ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ഏവരുടേയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നൽകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ‘എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. പ്രകാശവുമായി ബന്ധപ്പെട്ട ആഘോഷമാണ് ദീപാവലി. ഈ ശുഭദിനത്തിൽ നമ്മുടെ എല്ലാവരുടേയും ജീവതത്തിൽ സന്തോഷവും ഐശ്വര്വവും വർധിക്കട്ടെ എന്ന് ആശംസിക്കുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഏവർക്കും ശുഭകരമായ ദീപാവലി ആശംസിക്കുന്നുവെന്നും’ പ്രധാനമന്ത്രി കുറിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. തിന്മയ്‌ക്ക് മേൽ നന്മ നേടിയ വിജയത്തെ ദീപാവലിയായി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ഈ ദിവസം നമുക്ക് നൽകുന്ന സന്ദേശം. അജ്ഞതയിൽ നിന്ന് ജ്ഞാന പ്രകാശത്തിലേക്ക്, അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക് എന്നതിന്റെയൊക്കെ പ്രതീകമാണ് സന്ധ്യാ ദീപങ്ങൾ. അതുകൊണ്ടു തന്നെയാണ് ഇത് ദീപങ്ങളുടെ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും. അശ്വനി മാസത്തിലെ കൃഷ്ണപക്ഷ (കറുത്തവാവിലെ)ചതുർദ്ദശിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്.
ശ്രീരാമൻ തന്റെ പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്ന പുണ്യദിനം എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യം. അഹങ്കാരിയും ക്രൂരനുമായ നരകാസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ നിഗ്രഹിച്ചു എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസം. എല്ലാം ധാർമ്മികവിജയത്തിന്റെ സന്ദേശമാണ് ഈ ദിവസം നൽകുന്നത്. ദീപാവലി ദിനത്തിൽ വൈകുന്നേരം യമധർമ രാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും ഭാരതത്തിൽ ചിലയിടത്തും നിലവിലുണ്ട്.
















Comments