കാസർകോട്: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ.വി. അശ്വിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജന്മനാടായ ചെറുവത്തുരിലെ പൊതുജന വായനശാലയിൽ എത്തിച്ച മൃതദേഹം അവസാനമായി കാണാൻ നിരവധിയാളുകളാണ് എത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടർ ഭണ്ഡാരകി സ്വാഗത് രൺവീർ ചന്ദും അന്തിമോപചാരം അർപ്പിച്ചു.
വായനശാലയിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. പോലീസിന്റെയും സൈന്യത്തതിന്റെയും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു യാത്രയപ്പ്. അശ്വിന്റെ സഹോദരിമാരുടെ മക്കളായ ആതുലും ചിയാനും ചേർന്നാണ് ചിതയ്‌ക്ക് തീക്കൊളുത്തിയത്.
ഇന്നലെ വൈകീട്ടോടെ മൃതദേഹം കണ്ണൂരിലെത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ വിലാപയാത്രയായി ആണ് ചെറുവത്തൂരിലെത്തിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് യെഷോ നായക് ചെറുവത്തൂരിലെ വീട് സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിനുവേണ്ടിയുള്ള ധീര സേവനത്തിനിടയിൽ ജീവൻ നഷ്ടമായ അശ്വിന്റെ സേവനം രാജ്യവും കേന്ദ്ര സർക്കാരും എന്നും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.
















Comments