സെൽഫി പ്രണയം അതിരു കടക്കുന്ന കാലത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്. മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറി സെൽഫികൾ. മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഉപയോഗിച്ച് തനിയെ സ്വന്തം ഫോട്ടോ എടുക്കുന്നതാണ് സെൽഫി. സോഷ്യൽ മീഡിയകൾ സജീവമായതോടെ സെൽഫി ഭ്രമം മനുഷ്യർക്ക് വർദ്ധിച്ചു. സെൽഫി എടുക്കാൻ ശ്രമിച്ച് അപകടത്തിൽ പെടുന്ന വാർത്തകൾ സ്ഥിരം നമ്മൾ കേൾക്കാറുണ്ട്. സെൽഫികളിലൂടെ അപകടങ്ങൾ നമ്മൾ വിളിച്ചു വരുത്തുന്നു. സെൽഫി ഏടുക്കാൻ ശ്രമിച്ച് അപകടത്തിൽപെട്ടവരുടെയും മരണപ്പെട്ടവരുടെയും വാർത്ത ഇപ്പോൾ സാധാരണമായി മാറി കഴിഞ്ഞു. ആത്മഹത്യ ചെയ്യുന്നതു പോലെ ചിത്രീകരിക്കാനും ട്രെയിനിനു മുന്നിൽ നിന്നും ഫോട്ടോ എടുക്കാനുമൊക്കെ ശ്രമിച്ച് മരണം വിളിച്ചു വരുത്തുന്നത് നാം കണ്ടിട്ടുണ്ട്. അതിലും വലിയ പ്രശ്നമാണ് സെൽഫികളിലൂടെയുള്ള നഗ്നത പ്രദർശനവും സ്വകാര്യ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങൾ വഴി അയച്ചു കൊടുക്കുന്നതും.
മലയാളികളും അക്കാര്യത്തിൽ ഒട്ടു പിന്നിലല്ല. നിരവധി വാർത്തകളാണ് ഇത് സംബന്ധിച്ച് ദിനംപ്രതി കേൾക്കേണ്ടി വരാറുള്ളത്. ‘ഒരു വടക്കൻ സെൽഫി’ പോലുള്ള ചിത്രങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെങ്കിലും സിനിമ പറഞ്ഞു വെയ്‌ക്കുന്ന പ്രശ്നങ്ങളെ വേണ്ടവിധത്തിൽ മലയാളികൾ ഉൾക്കൊണ്ടില്ല. ഇരുട്ട് മുറികളിൽ ആരുമറിയാതെ നഗ്‌ന സെൽഫികളെടുത്ത് പങ്കുവെക്കുന്നത് പിന്നീട് ഇന്റർനെറ്റുകളിലെ അശ്ലീല സൈറ്റുകളിലടക്കം പ്രചരിക്കുന്നു. ഇതിൽ രാഷ്‌ട്രീയക്കാരും സിനിമാക്കാരും മുതൽ സാധാരണക്കാർ വരെ ഉൾപ്പെടുന്നു. മറ്റുള്ളവരെ നിരന്തരം ശല്യപ്പെടുത്തുന്നതിനും അശ്ലീല ചുവയോടെ സംസാരിക്കുന്നതിനും സെൽഫികൾ അയക്കാറുണ്ട്. അവസാനം ഇത് തെളിവുകളായി പുറത്തു വന്നിട്ടുള്ളതും നാം കണ്ടിട്ടുണ്ട്.
സെൽഫി ഭ്രമം ഒരു രോഗമായി മാറാറുണ്ട്. തനിക്ക് ഇഷ്ടപ്പെട്ടവരെ ആകർഷിക്കാനും അവരോട് കൂടുൽ അടുപ്പം സ്ഥാപിക്കാനും സെൽഫികൾ എടുത്ത് അയച്ചു നൽകുന്നു. സ്ഥലകാലബോധമില്ലാത്ത എവിടെ നിന്നും സെൽഫി എടുക്കാനും ആർക്കു വേണേലും നിലയും വിലയും മറന്ന് സെൽഫികൾ അയച്ചു കൊടുക്കാനും മടി ഇല്ലാത്തവരായി മാറിയിരിക്കുന്നു മലയാളികളും. കുട്ടികളുടെ സെൽഫി ഭ്രമത്തിനു കാരണം മാതാപിതാക്കൾ തന്നെയാണ്. മാതാപിതാക്കളുടെ സ്മാർട്‌ഫോൺ പ്രേമം കുട്ടികളിലും മോശം പെരുമാറ്റം ഉണ്ടാക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും വിശ്രമിക്കുമ്പോഴും കുട്ടികളോട് സംസാരിക്കുമ്പോഴുമെല്ലാം രക്ഷിതാക്കൾ സ്മാർട് ഫോൺ ഉപയോഗിക്കുന്നു. ഇത് കുട്ടികളിലും സ്വഭാവമാറ്റം സൃഷ്ടിക്കുന്നു.
സാധാരണയിൽ കവിഞ്ഞുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും സ്വഭാവവൈകല്യം ഉണ്ടാക്കും. മൊബൈലിൽ ഒരു സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ കൈ വെറുതെ വിറക്കുന്നുവെന്ന തോന്നൽ, കൃത്യമായ ആംഗിൾ കിട്ടുന്നില്ലെന്ന തോന്നൽ, മുഖം നന്നായി പകർത്താൻ പറ്റുന്നില്ല, തന്റെ മുഖത്തിന് ഭംഗി ഇല്ലെന്ന വിചാരം, സെൽഫി എടുത്താൽ ശരിയാകുമോ എന്ന ആശങ്ക, എത്രയെടുത്താലും നന്നായില്ലെന്ന തോന്നൽ, മറ്റുള്ളവരുടെ സെൽഫികൾ കണ്ടുള്ള അസൂയ, അപകർഷതാ ബോധം എന്നിവയെല്ലാം ഉൾപ്പെടുന്ന സെൽഫി ഭ്രമം മാനസികരോഗതലത്തിലേക്ക് വരെ മനുഷ്യനെ കൊണ്ടെത്തിക്കും. സെൽഫികൾ എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ അതിരു കടക്കുന്ന സെൽഫി ഭ്രമം നിയന്ത്രിച്ചേ മതിയാകൂ.
Comments