കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര പുലമൺ സ്വദേശി മുകേഷിനാണ് വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുണ്ടായ സംഘർഷം വെടിവയ്പ്പിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വെടിയുതിർത്ത പ്രൈം അലക്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രൈമിന്റെ കുടുംബവും മുകേഷിന്റെ കുടുംബവും തമ്മിൽ നേരത്തെ മുതൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മുകേഷിന്റെ വീട് കയറി ആക്രമണം നടത്തിയതിനും, മുകേഷിന്റെ അച്ഛനെ അക്രമിച്ചതും അടക്കമുള്ള കേസുകളിൽ പ്രൈം പ്രതിയാണ്. ഇന്നലെ വൈകിട്ടോടെ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും, വെടിയുതിർക്കുകയുമായിരുന്നു.
പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷിന്റെ തോളെല്ലിനാണ് വെടിയേറ്റത്. വെടിയുണ്ട പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും. പ്രൈമിനൊപ്പം മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളിയാണോ എന്നത് സംബന്ധിച്ച് കൃത്യമായ പോലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഇയാളെ കേസിൽ പ്രതിയാക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത്.
















Comments