ഒറ്റപ്പെടലിന്റെ വേദന ഒരു ജീവജാലങ്ങൾക്കും സഹിക്കാൻ കഴിയുന്ന ഒന്നല്ല. ഒരു അടിമയായി വർഷങ്ങളോളം തടവിൽ കഴിയുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത് ഓർക്കുമ്പോൾ തന്നെ അസഹനീയമായ മാനസിക വേദന നമ്മളെ വരിഞ്ഞു മുറുകും. എന്നാൽ കഴിഞ്ഞ 33 വർഷമായി ഒരു ചെറിയ കൂട്ടിലടയ്‌ക്കപ്പെട്ട് ഏകാന്തജീവിതം നയിക്കുകയാണ് ബുവാ നോയി എന്ന പെൺ ഗൊറില്ല. തായ്‌ലൻഡിലെ പാറ്റ മൃഗശാലയിലെ ഒരു ചെറിയ കൂട്ടിനുള്ളിലാണ് ബുവാ നോയിയെ ഉടമ പൂട്ടിയിട്ടിരിക്കുന്നത്. ഒറ്റപ്പെടലിന്റെ ദുഃഖം അനുഭവിക്കുന്ന ഗൊറില്ലയെ മോചിപ്പിക്കുന്നതിനായി മൃഗസ്നേഹികൾ വർഷങ്ങളായി പരിശ്രമിക്കുകയാണ്. എന്നാൽ ഇത്തവണയും അതിന് സാധിച്ചില്ല എന്നതാണ് ദുഃഖകരമായ വാർത്ത.
2015 മുതൽ, തായ് സർക്കാരും മൃഗ സംരക്ഷണ സംഘടനയായ പെറ്റയും ബുവാ നോയി എന്ന ഗൊറില്ലയെ മോചിപ്പിക്കാൻ പോരാടുകയാണ്. 30 മില്യൺ തായ് ബാറ്റ് (ഏകദേശം 7,90,000 ഡോളർ) നൽകിയാൽ മാത്രമേ താൻ ഗൊറില്ലയെ മോചിപ്പിക്കൂ എന്ന് മൃഗശാലയുടെ ഉടമ സർക്കാരിനോടും മൃഗാവകാശ സംഘടനയോടും വ്യക്തമാക്കി. ഇതിനായി ധനസമാഹരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും മൃഗ സ്നേഹികൾക്ക് വേണ്ടത്ര പണം സ്വരൂപിക്കാൻ കഴിഞ്ഞില്ല.
ബുവ നോയിയെ സ്വകാര്യ സ്വത്തായി കണക്കാക്കുന്നതിനാൽ ഗൊറില്ലയെ മോചിപ്പിക്കാൻ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് സർക്കാർ പറയുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടേയും വന്യമൃഗങ്ങളുടേയും വ്യാപാരവും ഉടമസ്ഥതയും തടയുന്നതിന് നിയമങ്ങൾ കൊണ്ടുവരുന്നതിന് മുമ്പാണ് ഉടമ ബുവ നോയിയെ വാങ്ങിയിട്ടുള്ളത്. ആവശ്യമായ രേഖകൾ ഇല്ലാത്തതുമൂലം 2015-ൽ മൃഗശാല അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പാറ്റ മൃഗശാലയടക്കമുള്ളവയ്‌ക്ക് വീണ്ടും അനുമതി ലഭിച്ചു. ബുവയുടെ ജീവിത സാഹചര്യങ്ങൾ ദയനീയവും ക്രൂരവുമാണെന്ന് പെറ്റ ഏഷ്യ സീനിയർ വൈസ് പ്രസിഡന്റ് ജെയ്‌സൺ ബേക്കർ പറഞ്ഞു.
Comments