സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ നെതർലൻഡ്സിന് വമ്പൻ തോൽവി. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമാണ് നെതർലൻഡ്സ് നേടിയത്. ഇന്ത്യ ഉയർത്തിയ 180 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സിന് തുടക്കം തന്നെ പാളി. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ റൺസ് ഒന്നും തന്നെ എടുക്കാൻ നെതർലൻഡ്സിന് കഴിഞ്ഞില്ല. മൂന്നാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ തന്നെ പന്തിൽ 1 റൺസ് മാത്രം എടുത്ത് ഓപ്പണർ വിക്രംജിത്ത് ഔട്ടായി. പിന്നാലെ അഞ്ചാം ഓവറിൽ ഓപ്പണറായ മാക്‌സ് ഒഡൗഡും(16) ഔട്ടായതോടെ നെതർലൻഡ്സിന് അടിപതറി.
101 റൺസ് പിന്നിടുമ്പോൾ നെതർലെൻഡ്സിന് 9 വിക്കറ്റ് നഷ്ടമായി. ബാസ് ഡി ലീഡ്(16), കോളിൻ അക്കർമാൻ(17), ടോം കൂപ്പർ(9), ടിം പ്രിംഗിൾ(20), സ്കോട്ട് എഡ്വേർഡ്സ്(5), ലോഗൻ വാൻ ബീക്ക്(3), ഫ്രെഡ് ക്ലാസൻ(0). ഷാരിസ് അഹമ്മദ് 16 റൺസും പോൾ വാൻ മീകെരെൻ 14 റൺസെടുത്തും എടുത്ത് ഔട്ടാകാതെ നിന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വർ കുമാർ 2, അർക്ഷദീപ് സിംഗ് 2, മുഹമ്മദ് ഷമ്മി 1, അക്ഷർ പട്ടേൽ 2, അശ്വിൻ 2 എന്നിങ്ങനെ വിക്കറ്റുകൾ വീഴ്‌ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസ് നേടിയിരുന്നു. ഇന്ത്യയ്‌ക്ക് കരുത്തായത് മൂന്ന് താരങ്ങളുടെ അർദ്ധ സെഞ്ച്വറികളാണ്. വിരാട് കോഹ്ലി, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവർ ഇന്ത്യയ്‌ക്കു വേണ്ടി അർദ്ധ സെഞ്ച്വറികൾ നേടി. രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 44 പന്തില്‍ പുറത്താകാതെ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ പുറത്താകാതെ 51 റണ്‍സും നേടി.
















Comments