ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജിൽ മുസ്ലീം മതതീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ‘നാൻ പെറ്റ മകൻ’. അഭിമന്യുവിന്റെ മരണത്തിന് പിന്നാലെ വൈകാരികത മുതലെടുത്തു കൊണ്ട് പുറത്തിറങ്ങിയ ചിത്രമാണിത്. സജീവ സിപിഎം പ്രവർത്തകനായ സജി എസ് പാലമേലാണ് ചിത്രത്തിന്റെ സംവിധായകൻ. ഇടതു പക്ഷം ഭരിക്കുമ്പോഴും കൊലയാളികളെ പിടിക്കാൻ കഴിയാതെ ഇരുന്ന സമയത്താണ് ചിത്രം പുറത്തിറങ്ങുന്നത്. അണികളുടെ ആവേശം ഉണർത്തുന്നതിനപ്പുറം സിനിമ കൊണ്ട് അഭിമന്യുവിന്റെ കുടുംബത്തിനോ അഭിമന്യുവിനോ നീതി ലഭിച്ചിരുന്നില്ല. സിപിഎം നേതാക്കളടക്കം സിനിമയെ പുകഴ്‌ത്തിയപ്പോഴും പ്രതികളെ എന്തുകൊണ്ട് പിടികൂടുന്നില്ല എന്നായിരുന്നു ജനങ്ങളുടെ ചോദ്യം. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ പേരിൽ വലിയ തോതിൽ സിപിഎമ്മും എസ്എഫ്ഐയും പണപ്പിരിവ് നടത്തിയതും ഏറെ വിവാദമായിരുന്നു.
ഇപ്പോൾ സംവിധായകൻ സജി എസ് പാലമേലിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സുഹൃത്തായ സുനിൽകുമാർ. സജി പാലമേൽ വലിയ തട്ടിപ്പുകാരനാണെന്നും ‘നാൻ പെറ്റ മകൻ’ എന്ന ചിത്രത്തിന്റെ പേരിൽ പണം പിരിച്ച് കബളിപ്പിച്ചെന്നും ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. റാന്നി സ്വദേശിയായ സുനിൽ കുമാർ ശബരിമലയിൽ ബിസിനസ്സ് ചെയ്യുന്ന വ്യക്തിയാണ്. വിദ്യാഭ്യാസം വളരെ കുറവായ വ്യക്തിയാണ് താൻ എന്നും, സിനിമയിലുള്ള അജ്ഞത മുതലാക്കി തന്നിൽ നിന്നും കോടികളോളം സംവിധായകൻ തട്ടിയെന്നും ഇയാൾ പറയുന്നു. കേരളത്തിൽ പത്തു കോടിയോളം സിപിഎമ്മുകാർ ഉണ്ടെന്നും ഇവർ സിനിമ കണ്ടാൽ ചിത്രം വൻ ലാഭം നേടുമെന്നും പറഞ്ഞാണ് സജി പാലമേൽ പണം തട്ടിയിരിക്കുന്നത്.
സുഹൃത്തായ സുനിൽകുമാറിൽ നിന്നും 2 കോടി 30 ലക്ഷം രൂപ സ്വന്തമാക്കിയ ശേഷമാണ് ‘നാൻ പെറ്റ മകൻ’ എന്ന ചിത്രം സജി പൂർത്തിയാക്കിയത്. തന്റെ അറിവില്ലായ്മ ചൂഷണം ചെയ്ത് സജി പാലമേൽ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. സിനിമ റിലീസ് ആയതിന് പിന്നാലെ തിയറ്റർ വരുമാനം, സാറ്റലൈറ്റ് അവകാശം, യൂട്യൂബ് ചാനലിന് സിനിമയുടെ അവകാശം നൽകിയതിൽ നിന്നുമടക്കം കോടികൾ സംവിധായകൻ സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് തിരികെ നൽകിയത് 23 ലക്ഷം രൂപ മാത്രമാണ്. ബാക്കി 2 കോടി 6.5 ലക്ഷം രൂപ തിരികെ നൽകാതെ സജി പാലമേൽ തന്നെ കബളിപ്പിക്കുകയാണെന്ന് സുനിൽകുമാർ പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. ഇയാൾ സിപിഎമ്മിന്റെ ചാരുംമൂട് ഏരിയാ കമ്മിറ്റി അംഗമായതിനാലാണ് തനിക്ക് പോലീസിൽ നിന്ന് നീതി ലഭിക്കാത്തതെന്നും സുനിൽ കുമാർ ചൂണ്ടിക്കാണിച്ചു. ഇനി കോടതിയാണ് തനിക്ക് ഏക ആശ്രയമെന്നും സജി പാലമേലിന്റെ സിനിമ തട്ടിപ്പിൽ ആരും ഇരയാകരുതെന്നും പരാതിക്കാരൻ പറയുന്നു.
















Comments