ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനായി ഐക്യരാഷ്‌ട്രസഭയിലേക്ക് 5,00,000 ഡോളർ സംഭാവന നൽകാനൊരുങ്ങി ഇന്ത്യ. തീവ്രവാദ ഭീഷണി തടയുന്നതിലും പ്രതിരോധിക്കുന്നതിലും അംഗരാജ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് സംഭാവന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.
ഏഷ്യയിലും ആഫ്രിക്കയിലും തീവ്രവാദഭീഷണി വർദ്ധിച്ചുവരുന്നതായി ജയശങ്കർ പറഞ്ഞു. പുറത്തുവന്ന 1,267-ാം നമ്പർ പട്ടികയിലെ റിപ്പോർട്ടുകളിൽ നിന്നും ഇത് വ്യക്തമാണെന്നും മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദത്തെ നേരിടാൻ യുഎൻ സുരക്ഷാ കൗൺസിൽ മികച്ച രീതിയിലുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദം മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയാണെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇതിനെ ചെറുക്കുന്നതിനായി യുഎൻ സുരക്ഷാ സമിതി പ്രവർത്തിക്കുന്നുണ്ടെന്നും ജയശങ്കർ സൂചിപ്പിച്ചു. യുഎൻ രക്ഷാ സമിതിയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎൻ രക്ഷാസമിതിയുടെ ദ്വിദിന ഭീകരവിരുദ്ധ യോഗത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.ഡൽഹിയിൽ തീവ്രവാദ വിരുദ്ധ സമിതിയുടെ ഇന്ത്യയുടെ ചെയർമാന്റെ കീഴിലാണ് യോഗം നടന്നുകൊണ്ടിരിക്കുന്നത്.
Comments