വീട്ടിൽ കൈക്കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവിടെ വേണ്ടുവോളം ഡയപ്പറുകളും കാണും. ഒരു മൂന്ന് വയസ് വരെയെങ്കിലും മിക്ക കുഞ്ഞുങ്ങളെയും ഡയപ്പർ ധരിപ്പിക്കേണ്ടതായി വരാറുണ്ട്. വലുതാകും തോറും ഇവയുടെ ഉപയോഗം കുറച്ചുകൊണ്ട് വന്ന് സാവധാനത്തിൽ മാത്രമേ അത് നിർത്താൻ കഴിയൂ.. ഇക്കാലമത്രയും നാം കുഞ്ഞുങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഡയപ്പർ, നിർമ്മാർജനം ചെയ്യുകയെന്നതും വലിയൊരു ടാസ്‌കാണ്..
ചിലർ അവ ഉണങ്ങിയതിന് ശേഷം കത്തിച്ചുകളയുന്നതാണ് പതിവ്. മറ്റ് ചിലർ ചവറുകൾ നിക്ഷേപിക്കുന്നിടത്ത് ഉപേക്ഷിക്കും. വീടും പറമ്പും ഒക്കെയുള്ളവരാണെങ്കിൽ പറമ്പിലെ ഏതെങ്കിലുമൊരു മൂലയിൽ ഇവ കൂട്ടിയിടും. സൗകര്യമുള്ളപ്പോൾ കത്തിക്കാനും ശ്രമിക്കും. അപ്പോഴും നേരിടുന്ന വലിയൊരു പ്രശ്‌നം ഇവ പൂർണമായും കത്തിപ്പോവുകയില്ലെന്നതാണ്. ഡയപ്പർ ഉപയോഗിച്ച് കഴിഞ്ഞാൽ അവയ്‌ക്കുള്ളിൽ ജെൽ രൂപപ്പെടും. ഇവ കത്തിച്ചുകളയാൻ പ്രയാസമാണ്.
ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ഡയപ്പർ കത്തിക്കാൻ പാടുപെടുന്നവർക്ക് വളരെ എളുപ്പത്തിൽ അവ നിർമ്മാർജനം ചെയ്യാനുള്ള മാർഗമാണ് ഉപ്പ് ഉപയോഗിക്കുക എന്നത്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം..
ഉപയോഗിച്ചു കഴിഞ്ഞ ഡയപ്പർ ആദ്യം കീറുക. അവയ്‌ക്കുള്ളിലെ ജെൽ എടുത്ത് മറ്റൊരു പാത്രത്തിലേക്ക് നിക്ഷേപിക്കുക. ഇതിനായി വീട്ടിൽ ഉപയോഗശൂന്യമായി വെച്ചിരിക്കുന്ന ബക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ നിർമ്മാർജനം ചെയ്യേണ്ട ഡയപ്പർ എല്ലാം കീറി അതിനുള്ളിലെ ജെൽ മാത്രമെടുത്ത് ബക്കറ്റിൽ നിക്ഷേപിക്കുക. ജെല്ലിന്റെ അളവനുസരിച്ച് ബക്കറ്റിലേക്ക് ആവശ്യത്തിന് ഉപ്പ് ഇടുക. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് നോക്കിയാൽ ഡയപ്പറിനുള്ളിലെ ജെൽ വെറും വെള്ളമായി മാറിയത് കാണാം. ഇവ തെങ്ങിൻ ചുവട്ടിലേക്കോ, പുറത്തേക്കോ, അതോ ശുചിമുറിയിൽ തന്നെയോ ഒഴിച്ച് കളയാവുന്നതാണ്. ശേഷിക്കുന്ന ഡയപ്പർ ഭാഗങ്ങൾ എളുപ്പത്തിൽ കത്തിച്ച് കളയാനും സാധിക്കും.
മണ്ണിൽ അലിഞ്ഞുപോകുന്നതല്ല ഡയപ്പറുകൾ എന്നുള്ളത് കൊണ്ട് ഇവ പുറത്തുകൊണ്ടു പോയി ഒരിക്കലും കളയരുത്. മഴയും വെള്ളപ്പൊക്കവും വന്നുകഴിഞ്ഞാൽ ഇവ വീണ്ടും നമ്മുടെ വീട്ടകങ്ങളിലേക്ക് തന്നെ എത്തുന്നതാണ്. അതിനാൽ ശരിയായ വിധം ഡയപ്പറുകൾ നിർമ്മാർജനം ചെയ്ത് മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കാൻ നമുക്ക് ശ്രമിക്കാം..
Comments