ഗാന്ധിനഗർ: രാജ്യത്തെ ആദ്യ സ്വകാര്യ വിമാന നിർമാണ കേന്ദ്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ഗുജറാത്തിലെ വഡോദരയിൽ ടാറ്റാ എയർബസിന്റെ സി-295 വിമാന നിർമാണ കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്‌ക്കായി 40 സി-295 വിമാനങ്ങൾ കേന്ദ്രത്തിൽ നിർമ്മിക്കും. ഇതോടെ മിലിറ്ററി ട്രാൻസ്‌പോർട്ട് എയർപോർട്ട് എയർക്രാഫ്റ്റുകൾ നിർമിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും.
സൈന്യത്തിന് ഗതാഗത വിമാനങ്ങൾ നിർമ്മിക്കുന്ന പദ്ധതി 22,000 കോടി രൂപ ചെലവിലാണ് ആരംഭിക്കുന്നത്. ടാറ്റാ എയർബസിന്റെ വിമാനങ്ങൾ സിവിലിയൻ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന് പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ പറഞ്ഞിരുന്നു. നിരവധി പേർക്ക് പദ്ധതി വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
എയർബസിൽ നിന്ന് 56 ഗതാഗത വിമാനങ്ങൾ വാങ്ങാൻ കേന്ദ്രം കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. കരാറിന്റെ ഭാഗമായി 16 വിമാനങ്ങൾ പൂർണ സജ്ജമാക്കി നൽകുമെന്നും 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു. സ്വകാര്യ കമ്പനി ഇന്ത്യയിൽ സൈനിക വിമാനം നിർമ്മിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.16 വിമാനങ്ങൾ 2023 സെപ്റ്റംബറിനും 2025 ഓഗസ്റ്റിനും ഇടയിൽ ലഭിക്കും. പുതിയ സി-295 വിമാനങ്ങൾ വ്യോമസേനയുടെ ആവ്‌റോ വിമാനത്തിന് പകരമായിരിക്കും ഉപയോഗിക്കുക.
Comments