ചെന്നൈ : കോയമ്പത്തൂർ ചാവേർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ജിഹാദി ചാവേറായ ജമേഷ മുബിൻ ലോൺ വൂൾഫ് അറ്റാക്കിനാണ് ശ്രമിച്ചതെന്ന് എൻഐഎ സ്ഥിരീകരിച്ചു. ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്‌ക്കെത്തി ആക്രമിക്കുന്ന രീതിയാണ് ലോൺ വൂൾഫ് അറ്റാക്ക്. എന്നാൽ ഈ ആക്രമണം തലനാരിഴയ്‌ക്ക് പാളിപ്പോയതോടെ ഒഴിവായത് വൻ ദുരന്തമാണ്.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് തെരുവുകളിലെല്ലാം ആളുകൾ നിൽക്കുന്ന സമയത്താണ് ആക്രമണം നടത്താൻ പദ്ധതിയിട്ടത്. സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്പ് വരെ ഇയാൾ വാടകയ്‌ക്ക് താമസിച്ചിരുന്നു. നാടുമായി കൂടുതൽ പരിചിതമാകാൻ
വേണ്ടിയായിരുന്നു ഇത്.
തുടർന്ന് സ്‌ഫോടനം നടത്താൻ ഗാന്ധിനഗറിൽ നിന്ന് പാചകവാതക സിലിണ്ടറുകൾ വാങ്ങിച്ചു. ആണികളും, ഗോലികളും സ്‌ഫോടക വസ്തുക്കളും നിറയ്‌ക്കാനുള്ള ക്യാൻ വാങ്ങിയത് ഉക്കടത്ത് ലോറിപേട്ടയ്‌ക്ക് സമീപത്തുള്ള മാർക്കറ്റിൽ നിന്നാണ്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറ്റാനാണ് ശ്രമം നടത്തിയത്. ഇതിനായി കോട്ടേമേഡ് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മൻ കോവിൽ എന്നിവടങ്ങളിൽ ഇവർ സ്ഥിരം നിരീക്ഷണം നടത്തിയിരുന്നു.
എന്നാൽ ജമേഷിന്റെ പരിചയക്കുറവ് ഭീകരർക്ക് തിരിച്ചടിയായി. ലക്ഷ്യമിട്ട സ്ഥലത്ത് എത്തുംമുൻപേ കാറിൽ സ്‌ഫോടനമുണ്ടായതാണ് വൻ ദുരന്തം ഒഴിവാക്കിയത് എന്ന് എൻഐഎ അറിയിച്ചു.
അതേസമയം കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പിടിയിലായ പ്രതികൾക്ക് ശ്രീലങ്കൻ സ്‌ഫോടന പരമ്പരയിലെ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാവേർ ആക്രമണത്തിന് മുൻപ് വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതികളെ ഇവർ കാണാനെത്തിയിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ഇവരുടെ നിർദ്ദേശപ്രകാരമാണ് കോയമ്പത്തൂരിൽ സ്‌ഫോടനം നടത്തിയത് എന്ന സൂചനകളുമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എൻഐഎ.
Comments