പൊള്ളലേൽക്കുക എന്നത് സാധാരണമായി സംഭവിക്കുന്ന അപകടങ്ങളിൽ ഒന്നാണ്. അടുക്കള കൈകാര്യം ചെയ്യുന്നവർക്ക് ചെറുതും വലുതുമായ പല പൊള്ളലുകളും ഏൽക്കാറുണ്ട്. ചൂടുള്ള പാത്രം, സ്റ്റൗവിന്റെ ബർണർ എന്നിവയിൽ സ്പർശിച്ച് ചിലർക്ക് പതിവായി കൈപൊള്ളും. അതുമല്ലെങ്കിൽ ആവി തട്ടി പൊള്ളലേൽക്കും. തിളച്ച വെള്ളമോ മറ്റ് ദ്രാവകങ്ങളോ ശരീരത്തിൽ വീണും പൊള്ളലേൽക്കാറുണ്ട്. എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്താലും ചിലർക്ക് ഇത്തരം പൊള്ളലുകൾ വീണ്ടും വീണ്ടുമേൽക്കും.
ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമെന്ന് നോക്കാം..
ഏത് തരത്തിലുള്ള പൊള്ളലാണ് സംഭവിച്ചിരിക്കുന്നത് എന്നതിനെ ആസ്പദമാക്കിയാണ് പ്രഥമ ശുശ്രൂഷ നൽകേണ്ടത്. പൊള്ളൽ പ്രധാനമായും മൂന്ന് കാറ്റഗറിയാണ്. ഫസ്റ്റ് ഡിഗ്രി, സെക്കൻഡ് ഡിഗ്രി, തേർഡ് ഡിഗ്രി.
പൊള്ളലേറ്റ ഭാഗത്ത് ചുവക്കുകയും തടിക്കുകയും ചെയ്യുന്നതാണ് ഫസ്റ്റ് ഡിഗ്രി പൊള്ളൽ. ചർമ്മത്തിന് നേരിയ നിറവ്യത്യാസവും കാണും. ചർമ്മത്തിന്റെ പകുതിയോളം ആഴത്തിൽ പരിക്ക് പറ്റുന്ന പൊള്ളലാണ് സെക്കൻഡ് ഡിഗ്രി പൊള്ളൽ. ഇത്തരത്തിൽ പൊള്ളിയാൽ തൊലിപുറത്ത് കുമിളകൾ രൂപപ്പെടും. തൊലി കരിഞ്ഞുപോകുന്ന അവസ്ഥയാണ് തേർഡ് ഡിഗ്രി പൊള്ളൽ. ഇതുമൂലം ചർമ്മത്തിലെ നാഡികൾ, പേശികൾ, എന്നിവയ്ക്ക് പരിക്കേൽക്കാം.. ഫസ്റ്റ് ഡിഗ്രി പൊള്ളലാണെങ്കിൽ ഡോക്ടറെ കാണണമെന്ന് നിർബന്ധമില്ല. മറിച്ച് സെക്കൻഡ്, തേർഡ് ഡിഗ്രി പൊള്ളലുകളാണെങ്കിൽ വൈദ്യസഹായം തേടുന്നതാണ് നല്ലത്.
പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് പൊള്ളിയ ഭാഗത്തെ കഴുകുകയാണ്. കൈകൊണ്ട് ഉരസാതെ പൈപ്പിൻ ചുവട്ടിൽ പൊള്ളലേറ്റ ഭാഗം വെക്കുക. ശുദ്ധജലം കൊണ്ട് മാത്രമേ കഴുകാവൂ. ഇത്തരത്തിൽ 20 മിനിറ്റോളം പൈപ്പിന് ചുവട്ടിൽ വെക്കാവുന്നതാണ്. അതിൽ കൂടുതൽ സമയം വെക്കേണ്ടതില്ല.
കുമിളകൾ രൂപപ്പെട്ടുവെങ്കിൽ അത് പൊട്ടാതെ സൂക്ഷിക്കുക.
ഒരു കാരണവശാലും പേസ്റ്റ്, തേൻ, ഐസ്, വെണ്ണ എന്നിവ പൊള്ളിയ ഭാഗത്ത് വെക്കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നത് ചിലപ്പോൾ അണുബാധയുണ്ടാകാൻ കാരണമാകും. മാത്രവുമല്ല, പേസ്റ്റ് പോലുള്ള വസ്തുക്കൾ പുരട്ടിയിട്ടുണ്ടെങ്കിൽ ആശുപത്രിയിൽ എത്തി ചികിത്സ നൽകാൻ പ്രയാസവുമാകും.
ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ പൊള്ളിയ ഭാഗം വൃത്തിയുള്ള പൊളിത്തീൻ കവർ കൊണ്ട് മറയ്ക്കാൻ ശ്രമിക്കുക. പൊള്ളലേറ്റ ഭാഗത്ത് വീണ്ടും ചൂടേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെയിൽ കൊള്ളുന്നതും ഒഴിവാക്കണം.
ഡോക്ടർ നിർദേശിക്കുന്ന ഓയിൽമെന്റ്, ആന്റിബയോട്ടിക് ക്രീം എന്നിവ മാത്രം പുരട്ടുക. മറ്റ് വസ്തുക്കൾ ഒരു കാരണവശാലും പൊള്ളലേറ്റ ഭാഗത്തേക്ക് അടുപ്പിക്കരുത്.
ഐസ് വെച്ച് തഴുകുന്നത് പൊള്ളലിന്റെ വേദനയെ മറികടക്കാൻ താൽകാലിക ആശ്വാസം നൽകുമെങ്കിലും അത് ചെയ്യരുത്. പൊള്ളലേറ്റ ഭാഗത്തെ കോശങ്ങൾ അതുവഴി നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
















Comments