ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് തുറന്ന അഭ്യർത്ഥനയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. അന്ധവിശ്വാസത്തെ തുടർന്ന് കേരളത്തിൽ അടുത്തകാലത്തായി സംഭവിച്ച രണ്ട് കൊലപാതകങ്ങളിൽ കർശനമായ നടപടി സ്വീകരിക്കാൻ ഗവർണർ തയ്യാറാകണമെന്നാണ് അൽഫോൺസ് അഭ്യർത്ഥിക്കുന്നത്. ഇലന്തൂർ ഇരട്ട കൊലപാതകക്കേസിലും പറാശാല സ്വദേശിയായ ഷാരോണിനെ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയ കേസിലുമാണ് ഗവർണർ നടപടി സ്വീകരിക്കണമെന്ന് അൽഫോൺസ് പുത്രൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൽഫോൺസിന്റെ പ്രതികരണം.
സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
”ബഹുമാനപ്പെട്ട കേരള ഗവർണർ.. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അങ്ങയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. അന്ധവിശ്വാസത്തെ തുടർന്ന് രണ്ട് കൊലപാതക കേസുകൾ കേരളത്തിൽ നടന്നു. 1. നരബലി കേസും 2. ഷാരോൺ വധക്കേസും. രണ്ട് കൊലപാതക കേസുകളിലും അടിയന്തിരമായി ഇടപെട്ട് കർശന നടപടി സ്വീകരിക്കാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്നാണ് പോലീസ് പറയുന്നത്.
പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 161 ഉപയോഗിക്കാൻ അങ്ങ് തയ്യാറാകണം. രണ്ട് കേസുകളിലും അടിയന്തിരമായി ഇടപെടണം. സാധാരണയായി ആളുകൾ എന്തെങ്കിലും സംഭവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. ഇവിടെ ഞാൻ ബഹുമാനപ്പെട്ട ഗവർണറോട് അഭ്യർത്ഥിക്കുകയാണ്. ”
കഴിഞ്ഞ ദിവസം മരിച്ച ഷാരോണിന്റേത് കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് അൽഫോൺസിന്റെ പ്രതികരണം. ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്ന് സുഹൃത്ത് കുറ്റം സമ്മതിച്ചിരുന്നു. ആദ്യ ഭർത്താവ് മരിക്കുമെന്ന് വിശ്വസിച്ചാണ് പെൺകുട്ടി ഇപ്രകാരം കൊലപാതകം നടത്തിയതെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംവിധായകന്റെ പ്രതികരണം.
Comments