എറണാകുളം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്‌ക്കായി വിദേശത്തേക്ക്. ശാരീരിക അവശതകളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വിദഗ്ധ ചികിത്സയ്‌ക്കായിട്ടാണ് ജർമ്മനിയിലേക്ക് പോകുന്നത്. നിലവിൽ ആലുവ പാലസിൽ വിശ്രമത്തിലാണ് അദ്ദേഹം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്. എന്നാൽ ശാരീരിക അവശതകളെ തുടർന്നാണ് വിദഗ്ധ ചികിത്സയ്‌ക്ക് വിദേശത്ത് പോകാൻ തീരുമാനിച്ചത്. ഈ ആഴ്ച തന്നെ അദ്ദേഹം ജർമ്മനിയിലേക്ക് പോകും.
അതിനിടെ ഉമ്മൻ ചാണ്ടിയ്‌ക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചതും ചർച്ചയായി. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഇത് അവസാനിപ്പിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നാണ് ആഗ്രഹം എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിന് മുൻപും അദ്ദേഹത്തിന് അസുഖം വന്നിരുന്നു. അപ്പോഴും ജർമ്മനിയിലും, അമേരിക്കയിലും കൊണ്ടുപോയി ചികിത്സ നൽകിയിട്ടുണ്ട്.
രോഗവിവരം പറഞ്ഞപ്പോൾ രാഹുൽ ഗാന്ധിയാണ് ജർമ്മനിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം നൽകിയത്. ഹോമിയോപ്പതി ചികിത്സയ്‌ക്ക് വേണ്ടിയാണ് ജർമ്മനിയിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് പ്രചാരണം. എന്നാൽ ഇത് തെറ്റാണ്. അലോപ്പതി ചികിത്സയാണ് അദ്ദേഹത്തിന് ലഭ്യമാക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാദ്ധ്യമായതെല്ലാം അദ്ദേഹത്തിന്റെ ചികിത്സയ്‌ക്കായി ചെയ്തുകൊണ്ടിരിക്കുകയാണെന്നും പിന്നെ എങ്ങനെയാണ് ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും മകൻ പറഞ്ഞു.
















Comments