ഗാന്ധിനഗർ: കേബിൾ പാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 142 പേർ മരിച്ചുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 170 പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. പാലം നവീകരിച്ച കരാർ ഏജൻസിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്താൻ ഗുജറാത്ത് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടിുണ്ട്. അപകടം നടന്ന മോർബിയിലെ കേബിൾ പാലം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുമെന്നാണ് റിപ്പോർട്ട്.
മരിച്ച 142 പേരിൽ 45 പേരും പ്രായപൂർത്തിയാകാത്തവരാണ്. രണ്ട് വയസുള്ള കുഞ്ഞുൾപ്പെടെ മരിച്ചിട്ടുണ്ട്. രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി എംപി മോഹൻഭായ് കുണ്ഡരിയയുടെ 12 അംഗ കുടുംബാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു. ദുരന്തത്തിൽ സൗദി അറേബ്യയും യുഎസ് മിഷനും റഷ്യൻ പ്രസിഡന്റ് പുടിനും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരിൽ മൂന്ന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
അപകടസമയത്ത് പാലത്തിൽ 500ഓളം പേർ നിന്നിരുന്നുവെന്നാണ് വിവരം. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ പേർ പാലത്തിൽ കയറിയതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് സൂചന. സംഭവത്തിൽ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ അജന്ത ഇൻഫ്രാസ്ട്രക്ച്ഛർ ലിമിറ്റഡിന്റെ ഒമ്പത് ജോലിക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
















Comments