കൊച്ചി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ കസ്റ്റഡിയിൽ വാങ്ങി എൻഐഎ. കൊച്ചി പ്രത്യേക എൻഐഎ കോടതി ശനിയാഴ്ച വൈകിട്ട് വരെയാണ് റൗഫിനെ കസ്റ്റഡിയിൽ വിട്ടത്. ഒളിവിൽ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും സംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ ഭീകര പ്രവർത്തനങ്ങളും ചോദ്യം ചെയ്യലിലൂടെ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് എൻഐഎ സംഘത്തിന്റെ പ്രതീക്ഷ. നേരത്തെ പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെടെ റൗഫിന് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.
ആറ് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ച അർദ്ധരാത്രിയാണ് കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം പട്ടാമ്പിയിലെ വീട് വളഞ്ഞ് റൗഫിനെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം ഒളിവിൽ പോയ റൗഫ് വീട്ടിൽ തിരിച്ചെത്തിയത് അറിഞ്ഞാണ് എൻഐഎ സംഘം എത്തിയത്. പിഎഫ്‌ഐയുടെ അനധികൃത വിദേശ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും സിഎ റൗഫായിരുന്നു. റൗഫിനെ ചോദ്യം ചെയ്യുന്നതിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടങ്ങളെകുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കും
രാജ്യദ്രോഹക്കേസിൽ നേരത്തെ അറസ്റ്റിലായ പന്ത്രണ്ട് പ്രതികളെയും എൻഐഐ രണ്ട് തവണ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. റൗഫ് നൽകിയ ചില വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. വേണ്ടി വന്നാൽ നേരത്തെ അറസ്റ്റിലായ നേതാക്കളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
ശ്രീനിവാസിനെ കൊലപ്പെടുത്തിയതിന്റെ ഗൂഢാലോചനയിൽ റൗഫിന്റെ പങ്ക് എൻഐഎ കണ്ടെത്തിയിരുന്നു. സംഘർഷ സാഹചര്യങ്ങളുണ്ടാക്കി പ്രത്യാക്രമണത്തിന്റെ പേരിൽ ആർഎസ്എസ് നേതാക്കളെ വധിക്കാനും പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി വ്യക്തമായിരുന്നു.
നവംബർ 19 വരെ റൗഫിനെ എറണാകുളം ജില്ലാ ജയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. മറ്റ് പ്രതികൾ വിയ്യൂർ അതിസുരക്ഷാ ജയിലിലാണുള്ളത്.
















Comments