തൃശ്ശൂർ: അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയും സർക്കാരും ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിൽ അഴിമതിക്കാർക്ക് വേണ്ടി ഹാജരാവുന്ന കപിൽ സിബലിന് ഒരു സിറ്റിംഗിന് പതിനഞ്ചര ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും നൽകുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത്രയും ഗതികെട്ട ഒരു സർക്കാർ ലോകത്ത് എവിടെയും ഉണ്ടാവില്ല. ഈ ഭരണത്തിന്റെ കീഴിൽ ഏറ്റവും നിർഭാഗ്യവാൻമാരായി മലയാളികൾ മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
നിങ്ങൾ നടത്തിയ അഴിമതിക്ക് കുടപിടിക്കാൻ എന്തിനാണ് പൊതുജനങ്ങളുടെ പണം എടുക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി കൊല ചെയ്ത കേസിൽ ഒരു രൂപ പോലും സർക്കാർ ചിലവഴിക്കുന്നില്ല. കോൺഗ്രസ് ഇടതുപക്ഷത്തിന്റെ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്. എന്നാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസന രംഗത്ത് രാജ്യം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയിലെ 31 ാം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി രഞ്ജിത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
കൊറോണക്കാലത്ത് കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് കേന്ദ്രസർക്കാരാണ്. ലോകത്ത് ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ പദ്ധതി മോദി സർക്കാർ നടപ്പിലാക്കി. വൈകുന്നേരം 6 മണിയുടെ തള്ളല്ലാതെ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ഒരു ഗുണവും ചെയ്തില്ല. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്‌ക്ക് വാങ്ങി അഴിമതി നടത്തിയതാണ് സംസ്ഥാന സർക്കാരിന്റെ നേട്ടമെന്ന് കെ.സുരേന്ദ്രൻ പരിഹസിച്ചു.
ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ്‌കുമാർ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്ബ്, സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് ബാബു, മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ തുടങ്ങിയവർ സംസാരിച്ചു.
Comments