തിരുവനന്തപുരം : സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്.തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കന്റോൺമെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ എം ശിവശങ്കർ പ്രതിയല്ല. എന്നാൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ അമൃത്സർ സ്വദേശി സച്ചിൻദാസാണ് മറ്റൊരു പ്രതി.
കെ.എസ്.ഐ.ടി.എല്ലിൽ സ്വപ്ന ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജോലി തരപ്പെടുത്തിയത് മഹാരാഷ്‌ട്രയിലെ ഡോ. ബാബാസാഹേബ് അംബേദ്കർ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് .സ്വർണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെയാണ് ബിരുദം വ്യാജമാണോ എന്ന് അന്വേഷിക്കാൻ കെ.എസ്.ഐ.ടി.എല്ലിനോട് അധികൃതർ ആവശ്യപ്പെട്ടത്. യൂണിവേഴ്‌സിറ്റിയുടെ രജിസ്ട്രാറാണ് ജൂലൈ 20ന് ഇത്തരം ഒരു ഡിഗ്രി തങ്ങൾ നൽകിയിട്ടില്ലെന്ന് കന്റോൺമെന്റ് പോലീസിനെ അറിയിച്ചത്. ഇതിന് പുറമെ ഈ യൂണിവേഴ്‌സിറ്റിയിൽ കൊമേഴ്‌സ് കോഴ്‌സ് നടത്തുന്നില്ലെന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്റർ നമ്പരും റോൾ നമ്പരും യൂണിവേഴ്‌സിറ്റി പ്രിന്റ് ചെയ്ത് നൽകുന്ന സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റിലുളളതല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വ്യാജ സർട്ടിഫിക്കറ്റിലെ സീരിയൽ നമ്പർ 104686 ഫോർമാറ്റ് യൂണിവേഴ്‌സിറ്റിയുടേതിന് തത്തുല്ല്യമല്ല. സ്വപ്ന സുരേഷ് എന്ന പേരിൽ ഒരു വിദ്യാർഥി ഈ യൂണിവേഴ്‌സിറ്റിയിൽ ആ വർഷമോ അതിന് അടുത്ത വർഷങ്ങളിലോ പഠിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് യൂണിവേഴ്‌സിറ്റി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.യൂണിവേഴ്‌സിറ്റിയുടെ കൺട്രോളർ ഓഫ് എക്‌സാമിനേഷൻ യോഗേഷ് പാട്ടീൽ ഇതേ കാര്യങ്ങൾ അന്വേഷണ സംഘത്തോട് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
ഇതിനിടെ ഇടനിലക്കാരനായ രാജേന്ദ്രൻ തന്റെ അക്കൗണ്ടിൽ നിന്ന് 32,000 രൂപ പ്രതിയുടെ അമൃത്സറിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനെ പറ്റിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ സച്ചിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചിരിക്കുകയാണ്. കുടാതെ ഈ സർട്ടിഫിക്കറ്റ് സ്വപ്ന സുരേഷ് നശിപ്പിച്ച് കളഞ്ഞെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയ്‌ക്കെതിരെ ഐ.പി.സി 201 കൂടി ചുമത്തിയിട്ടുണ്ട്. നിരവധി സാക്ഷി മൊഴികളും, രഹസ്യമൊഴികളും പല സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും ഉൾപ്പെടുന്നതാണ് കുറ്റപത്രം.
















Comments