പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്. പ്രമാദമായ കേസായതിനാൽ 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം നടത്തുന്നത്. എന്നാൽ ഡി എൻ എ പരിശോധന ഫലം വൈകുന്നത് അന്വേഷണത്തെ ബാധിക്കും.
90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഈ സാദ്ധ്യത ഒഴിവാക്കാനാണ് സമയബന്ധിതമായി കുറ്റപത്രം നൽകുന്നത്. എന്നാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെങ്കിലും ഇനിയും തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട പത്മയുടെയും, റോസ്ലിയുടെയും മൊബൈൽ ഫോണുകളും, പത്മയുടെ കാലിലെ വെള്ളി കൊലുസും കണ്ടെത്തേണ്ടതുണ്ട്. മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നിവർക്ക് പുറമേ കൃത്യത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്നതിലും വ്യക്തത വന്നിട്ടില്ല.
സ്ഥിരം കുറ്റവാളിയായ ഷാഫിയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതും, ഷാഫി പലതും മറച്ചുവയ്‌ക്കുന്നതും അന്വേഷണത്തെ ബാധിച്ചിരുന്നു. ഇതിനൊപ്പം ഡി എൻ എ പരിശോധന ഫലം കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടു പോകണ്ടതുണ്ട്. എന്നാൽ തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നിന്ന് ഡി എൻ എ പരിശോധന റിപ്പോർട്ട് ലഭിക്കാൻ ഇനിയും കാലതാമസമെടുക്കും. വേഗത്തിൽ പരിശോധന പൂർത്തിയാക്കി ഡിഎൻഎ റിപ്പോർട്ട് കൈമാറാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു ലാബിനോട് നിർദ്ദേശിച്ചിട്ടുണ്ട്. നവംബർ 28നകം ഡി എൻ എ പരിശോധന ഫലം ലഭിക്കുമെന്നാണ് കരുതുന്നത്. തുടരന്വേഷണം ഇതുകൂടി അടിസ്ഥാനമാക്കിയാകും നടക്കുക.
















Comments