തിരുവനന്തപുരം: പ്രഭാതസവാരിയ്‌ക്കിടെ വനിതാ ഡോക്ടറെ കടന്ന് പിടിച്ചത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് തന്നെ. തിരിച്ചറിയൽ പരേഡിൽ സന്തോഷിനെ പരാതിക്കാരി തിരിച്ചറിഞ്ഞു. സംഭവത്തിൽ സന്തോഷിനെതിരെ പോലീസ് തുടർ നടപടികൾ സ്വീകരിക്കും.
കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലാണ് സന്തോഷിനെ പിടികൂടിയത്. ഇതിന് പിന്നാലെ മ്യൂസിയത്തിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതും ഇയാളാണെന്ന് പോലീസിന് സംശയം ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു തിരിച്ചറിയൽ പരേഡ് നടത്തിയത്.
പിടിയിലാകുമ്പോൾ സന്തോഷ് മൊട്ടയടിച്ചിരുന്നു. മ്യൂസിയം കേസിലെ പ്രതിയുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തിൽ മൊട്ടയടിച്ചത് എന്നാണ് സൂചന. സംഭവത്തിൽ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
സന്തോഷ് സഞ്ചരിച്ച ഇന്നോവ കാറാണ് മ്യൂസിയം കേസിൽ ഏറെ നിർണായകമായത്. മ്യൂസിയം പരിസരത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും, കുറവൻകോണത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും ഈ കാർ ഉണ്ടായിരുന്നു. ഇതാണ് മ്യൂസിയം കേസിലെയും പ്രതി സന്തോഷ് ആണെന്ന സംശയത്തിന് കാരണമായത്.
Comments