കണ്ണൂർ : യുഎപിഎ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അലൻ ഷുഹൈബിനെ റാഗിംഗ് പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ പാലയാട് ക്യാമ്പസിലുണ്ടായ സംഘർഷത്തെ തുടർന്നാണ് അലനെ പോലീസ് പിടികൂടിയത്. ഒന്നാം വർഷ വിദ്യാർത്ഥിയെ അലൻ റാഗ് ചെയ്തുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. തുടർന്നാണ് ധർമ്മടം പോലീസ് അലൻ ഷുഹൈബിനെ കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ അലൻ ഷുഹൈബ്, ബദ്രുദീൻ, നിഷാദ് എന്നിവരെ ജാമ്യത്തിൽ വിട്ടു. റാഗിംഗ് കേസ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
എസ്എഫ്‌ഐ പ്രവർത്തകർ തന്നെ മർദ്ദിച്ചെന്ന് അലൻ ഷുഹൈബും പരാതിപ്പെട്ടിരുന്നു. ഇന്ന് രാവിലെ മുതലാണ് പാലയാട് ക്യാമ്പസിൽ സംഘർഷം ഉടലെടുത്തത്. രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷത്തെ റാഗിംഗുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘർഷത്തിലേക്ക് എത്തിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം എസ്എഫ്‌ഐ പ്രവർത്തകർ തന്നെ അകാരണമായി മർദ്ദിച്ചുവെന്നാണ് അലൻ ഷുഹൈബ് ആരോപിക്കുന്നത്. റാഗിംഗ് പരാതി വ്യാജമാണെന്നും എസ്എഫ്‌ഐ പകവീട്ടുകയാണെന്നും അലൻ പറഞ്ഞു.
ഒന്നാം വർഷ വിദ്യാർത്ഥിയെ അലന്റെ നേതൃത്വത്തിലുള്ള സംഘം റാഗ് ചെയ്‌തെന്നും, അത് ചോദ്യം ചെയ്യാൻ പോയപ്പോൾ അലനുമായി പ്രശ്‌നമുണ്ടായി എന്നുമാണ് എസ്എഫ്‌ഐയുടെ വാദം. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. അലനെ ലക്ഷ്യം വെച്ച് മർദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്‌ഐ പറയുന്നത്. സംഘർഷത്തിനിടെ പരിക്കേറ്റ അഥിൻ എന്ന വിദ്യാർത്ഥി ചികിത്സയിലാണെന്നും എസ്എഫ്‌ഐ പറഞ്ഞു.
തുടർന്ന് പോലീസ് എത്തി ക്യാമ്പസിൽ നിലയുറപ്പിക്കുകയായിരുന്നു. റാഗിംഗ് അടക്കമുളള പരാതിയിൽ ചോദ്യം ചെയ്യാൻ വേണ്ടിയാണ് അലനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
















Comments