ന്യൂഡൽഹി: റോയൽ കംബോഡിയ സായുധ സേനയ്‌ക്ക് (ആർസിഎഎഫ്) സമ്മാനവുമായി ഇന്ത്യൻ സൈന്യം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം അതിവിദഗ്ധമായി കണ്ടെത്തുന്ന നാല് ശ്വാനന്മാരെയാണ് ആർസിഎഎഫിന് സമ്മാനമായി നൽകിയത്. ഇന്ത്യൻ സൈന്യത്തിന്റെ റിമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്‌സിന്റെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ നായകളെ എയർ ട്രാൻസ്‌പോർട്ടേഷൻ വഴി കംബോഡിയയിൽ എത്തിക്കുകയായിരുന്നു.

പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിൽ നിന്ന് എക്സ്പ്ലോസീവ് ഡിറ്റക്ഷൻ (ഇഡി) നായകളെ കംബോഡിയ നേരത്തെയും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2016-ൽ 15 ശ്വാനന്മാരെ ഇന്ത്യ സമ്മാനമായി നൽകി. കൊറോണ മഹാമാരിക്ക് ശേഷം നാല് നായകളെ കൂടി നൽകാമെന്ന് ധാരണയായിരുന്നു. ഇതാണ് ഇപ്പോൾ കൈമാറിയത്.

ഒക്ടോബർ 24ന് ആർസിഎഎഫ് ഉദ്യോഗസ്ഥരോടൊപ്പമാണ് കംബോഡിയയിലെ നോം പെനിലേക്കുള്ള സിവിൽ ഫ്‌ളൈറ്റിൽ നാല് നായകളെ കയറ്റി അയച്ചത്. കംബോഡിയയ്‌ക്ക് കൈമാറുന്നതിന് മുമ്പായി ഇന്ത്യയിലെത്തുന്ന ആർസിഎഎഫ് ഉദ്യോഗസ്ഥർക്ക് നായയെ കൈകാര്യം ചെയ്യാൻ പരിശീലനം നൽകണമെന്ന അഭ്യർത്ഥന കംബോഡിയ മുന്നോട്ടുവെച്ചിരുന്നു. ഇതുപ്രകാരം കംബോഡിയൻ സൈനിക ഉദ്യോഗസ്ഥർക്ക് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 23 വരെ ഇന്ത്യയിൽ പരിശീലനം നൽകി. നായകളെ കൈകാര്യം ചെയ്യാനുള്ള പരിശീലനം മീററ്റിൽ വെച്ചാണ് നൽകിയത്. ഇത് പൂർത്തിയായതിന് ശേഷമാണ് നാല് നായകളുമായി ആർസിഎഎഫ് ഉദ്യോഗസ്ഥർ കംബോഡിയയിലേക്ക് മടങ്ങിയത്.

















Comments