അടൂർ: പൊതുവേദിയിൽ കുഞ്ഞുമായി എത്തിയ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശിച്ചവരെ കണ്ടം വഴി ഓടിച്ച് ചർച്ചകൾ. കഴിഞ്ഞ ദിവസം അടൂർ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് കളക്ടർ മകൻ മൽഹാറുായി എത്തിയത്.
അമ്മ പ്രസംഗിക്കാൻ മൈക്കിന് മുൻപിലെത്തിയതോടെ മൽഹാർ ചിണുങ്ങാൻ തുടങ്ങി. ഇതോടെ മൽഹാറിനെ ഒക്കത്ത് എടുത്തായി കുറച്ചുനേരം പ്രസംഗം. ഇടയ്‌ക്ക് കുഞ്ഞ് സദസ്സിനോടും സംസാരിച്ചു. വേദിയിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഈ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ ആയിരുന്നു വിമർശനം ഉയർന്നത്. കളക്ടറുടെ നടപടി അനൗചിത്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ എഴുത്തുകാരൻ ബെന്യാമിൻ ഉൾപ്പെടെയുളളവർ കളക്ടറെ പിന്തുണച്ച് രംഗത്തെത്തി. നടൻ നെടുമുടി വേണുവിന്റെ അഭിപ്രായം പങ്കുവെച്ചായിരുന്നു ബെന്യാമിൻ കളക്ടറെ പിന്തുണച്ചത്. കൊല്ലത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ ദീർഘദൂരം യാത്ര ചെയ്ത് ഇത്തരം ചടങ്ങിലെത്തുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ചിലവഴിക്കാമായിരുന്ന നിമിഷങ്ങളാണെന്ന നെടുമുടി വേണുവിന്റെ വാക്കുകളാണ് ബെന്യാമിൻ ഉദ്ധരിച്ചത്.
പൊതു ഇടത്തിൽ നിൽക്കുന്ന ഓരോരുത്തരും നേരിടുന്ന പ്രശ്‌നമാണിത്. അവരുടെ സ്വകാര്യ നിമിഷങ്ങൾ നഷ്ടപ്പെടുത്തിയാണ് അവർ പല പരിപാടികളിലും പങ്കെടുക്കുന്നതെന്നും ജില്ലാ കളക്ടർ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ പല റോളുകൾ വഹിക്കുന്ന വ്യക്തി കൂടിയാണ് അവരെന്നും ബെന്യാമിൻ ഓർമ്മിപ്പിച്ചു.
പൊതുവേദികളിലും പാർലമെന്റിലും നിയമ നിർമ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്നാണ് നമ്മൾ ആർജിക്കുകയെന്നും ബെന്യാമിൻ ചോദിച്ചു. കളക്ടർക്ക് പിന്തുണയുമായി വനിതാ സംരംഭകർ ഉൾപ്പെടെ നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തുന്നുണ്ട്.
















Comments