ന്യൂഡൽഹി: ബൈജൂസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസി. ഇതുമായി ബന്ധപ്പെട്ട കരാറിൽ ബൈജൂസുമായി അദ്ദേഹം ഒപ്പുവെച്ചു. പ്രസ്താവനയിലൂടെ ബൈജൂസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തർ ലോകകപ്പിന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ബൈജൂവിന്റെ ബ്രാൻഡ് അംബാസിഡറായി മെസിയെ നിയോഗിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യൽ ഇനിഷ്യേറ്റീവ് ബ്രാൻഡ് അംബാസിഡർ ആയിട്ടാണ് മെസിയെ നിയോഗിച്ചിരിക്കുന്നത്. ബൈജൂസിന്റെ ജേഴ്‌സി ധരിച്ച് അൽ രിഹ്ല പന്തും കയ്യിലേന്തി നിൽക്കുന്ന മെസിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
എല്ലാവരെയും പഠനത്തിൽ തത്പരരാക്കാനുള്ള ബൈജൂസിന്റെ പ്രവർത്തനങ്ങളും തന്റെ കാഴ്ചപ്പാടും ഒരുപോലെയാണെന്ന് പ്രഖ്യാപനത്തിന് പിന്നാലെ മെസി പ്രതികരിച്ചു. ഇക്കാരണത്താലാണ് ബൈജൂസിനൊപ്പം പങ്കുചേർന്നത്. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഏവരുടെയും ജീവിതം മാറ്റിമറയ്‌ക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളെ ഉദ്യോഗത്തിന്റെ പാതയിലേക്ക് നയിക്കാൻ ബൈജൂസിന് കഴിഞ്ഞു. കൂടുതൽ പഠിക്കാനും ഉയരങ്ങളിലേക്ക് എത്താനും എല്ലാവരെയും പ്രചോദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
















Comments