ഇടുക്കി: മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷ് സമാനമായ മറ്റൊരു കേസിലും പ്രതിയെന്ന് സൂചന. തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലാണ് സന്തോഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് മ്യൂസിയം പോലീസുമായി ബന്ധപ്പെട്ടു. കണ്ണൂർ സ്വദേശിനിയായ ഡോക്ടറാണ് പരാതി നൽകിയിരിക്കുന്നത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു സംഭവം. 2021 ഡിസംബർ 6-നാണ് ഡോക്ടർക്കു നേരെ അക്രമം നടന്നത്. ആശുപത്രിയിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമം. പിന്നാലെയെത്തിയ മെലിഞ്ഞ വ്യക്തി ഡോക്ടറുടെ കടന്നു പിടിക്കുകയായിരുന്നു. അന്നുതന്നെ ഡോക്ടർ പോലീസിൽ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്തെ സിസിടിവി പരിശോധിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
അന്വേഷണത്തിൽ സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ ഒന്നും അന്ന് ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതി മുഖം മറച്ചിരുന്നു. ഇതാണ് തുടർ അന്വേഷണത്തിന് തടസ്സമായത്. പ്രതിയുടെ രേഖാചിത്രം വരച്ച് അന്വേഷണം ആരംഭിക്കവെയാണ് മ്യൂസിയം കേസ് ശ്രദ്ധയിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മ്യൂസിയം പോലീസിനോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടെന്നും തൊടുപുഴ ഡിവൈഎസ്പി വ്യക്തമാക്കി.
Comments