ടാൻസാനിയ : ടാൻസാനിയയിൽ വിമാനം തടാകത്തിലേക്ക് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലേക്കാണ് 43 പേരുമായി പോയ ചെറുവിമാനം തകർന്നുവീണത്. പ്രധാനമന്ത്രി കാസിം മജാലിവയാണ് അപകടത്തിൽ മരണനിരക്ക് ഉയർന്നതായി സ്ഥിരീകരിച്ചത്.
മത്സ്യബന്ധനത്തിന് പോയവരാണ് അപകടം നടക്കുന്നത് ആദ്യം കണ്ടത്. ഇതോടെ അവർ തകർന്നുവീണ വിമാനത്തിന് അടുത്തേക്ക് പോയി. അപ്പോഴേക്കും വിമാനത്തിലെ ജീവനക്കാരൻ പുറകിലുള്ള വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. ഇത് രക്ഷാപ്രവർത്തനം കൂടുതൽ സൗകര്യപ്രദമാക്കി.
തുടർന്നാണ് പോലീസും രക്ഷാപ്രവർത്തക സംഘവും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്. 24 ഓളം പേരെ അപകടത്തിൽ നിന്ന് രക്ഷിച്ചതായാണ് റിപ്പോർട്ട്. തകർന്നുവീണ വിമാനം കരയ്‌ക്ക് എത്തിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയരാനും സാധ്യതയുണ്ട്.
ദാർ ഇ സലാമിൽ നിന്ന് ടാൻസാനിയയിലേക്ക് പോയ വിമാനം ബുക്കോബ വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് തകർന്നുവീണത്. വിമാനത്തിൽ 43 പേർ ഉണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണ് കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Comments