ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം വസീറാബാദിൽ റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെയുണ്ടായ വധശ്രമം നാടകമാണെന്ന് പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് നേതാവ് മൗലാന ഫസ് ലുർ റഹ്മാൻ. വധശ്രത്തെ കുറിച്ച് ആദ്യം വാർത്തകൾ കേട്ടപ്പോൾ വിഷമം തോന്നിയിരുന്നു. എന്നാൽ ഇമ്രാൻ ഖാന്റെ പരിക്കുകളെക്കുറിച്ചും ആക്രമണത്തെ കുറിച്ചും ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡോക്ടറുടെ മൊഴികളിൽ തന്നെ വൈരുദ്ധ്യമുണ്ട്. വെടിയുണ്ടകളിൽ നിന്ന് പൊട്ടിയ കഷ്ണങ്ങളിൽ നിന്നാണ് ഇമ്രാന്റെ കാലിൽ മുറിവുണ്ടായതെന്നാണ് പിടിഐ പറയുന്നത്. ബോംബിൽ നിന്നുള്ള കഷ്ണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വെടിയുണ്ടകളുടെ കഷ്ണങ്ങളും, വധശ്രമവും എല്ലാം കേൾക്കുമ്പോൾ മനസിലാവും ഇതൊരു നാടകമായിരുന്നുവെന്ന്.
വെടിയേറ്റ മുൻ പ്രധാനമന്ത്രി എന്തിനാണ് കാൻസർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതെന്നും പിഡിഎം നേതാവ് ചോദിച്ചു.മറ്റുള്ളവരെ കള്ളൻ എന്ന് മുദ്രകുത്തുന്ന ഇമ്രാൻ സ്വയം ഒരു കള്ളൻ ആയി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഭിനയത്തിന്റെ കാര്യത്തിൽ ഇമ്രാൻ ഖാൻ ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനെയും ഷാരൂഖ് ഖാനെയും മറികടന്നുവെന്ന് അദ്ദേഹം പരിഹസിച്ചു
















Comments