കേന്ദ്ര സർക്കാരിന്റെ വിപ്ലവകരമായ നടപടിയായിരുന്നു നോട്ട് നിരോധനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചിട്ട് ഇന്നേക്ക് ആറ് വർഷം പിന്നിടുകയാണ്. 2016 നവംബർ എട്ടിനായിരുന്നു കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്. ഈ ദിനം കള്ളപ്പണ വിരുദ്ധ ദിവസമായിട്ടാണ് ആചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.
സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടായിരുന്നു കേന്ദ്രസർക്കാർ നോട്ടുനിരോധിച്ചത്. ക്രമാതീതമായ നികുതി വെട്ടിപ്പിന് തടയിടാൻ കഴിഞ്ഞതും നോട്ട് നിരോധനത്തിന്റെ പ്രതിഫലനമാണ്. രാജ്യത്ത് പ്രചാരത്തിലിരുന്ന 15.41 ലക്ഷം കോടി രൂപ നോട്ട് നിരോധനത്തോടെ അസാധുവാകുകയും ഇതിൽ 99.3 % ബാങ്കുകളിൽ തിരിച്ചെത്തിയെന്നുമാണ് കണക്ക്.
കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിംഗിനുമെതിരായ ധീരമായ നടപടി കൂടിയായാണ് നോട്ട് നിരോധനത്തെ വിലയിരുത്തുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദ ഫണ്ടിംഗിനെ തടയാൻ നോട്ട് നിരോധനം വലിയ തോതിൽ സഹായിച്ചു. പാകിസ്താനിൽ നിന്നും ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങൾ വഴി രാജ്യത്തേക്ക് ഒഴുകിയെത്തിയിരുന്ന കള്ളനോട്ടുകൾക്ക് ഇതോടെ അന്ത്യം കുറിക്കാനും സാധിച്ചു. നാട്ടിൽ പ്രമുഖരും അല്ലാത്തവരുമായ നിരവധി പേരുടെ കള്ളപ്പണം നോട്ട് നിരോധനത്തോടെ പുറത്തുവന്നു. രാഷ്‌ട്രീയ നേതാക്കളിൽ നിന്നുൾപ്പെടെ കള്ളപ്പണം കണ്ടെടുത്തു. കള്ളപ്പണം കരുതിവെച്ചിരുന്ന പലരും അത്തരം ഇടപാടുകൾ നടത്തുന്നവരും ഒന്നും ചെയ്യാൻ നിവൃത്തിയില്ലാതെ വെട്ടിലായി.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് മുതൽക്കൂട്ടാകുന്നതിന് നിർണായക പങ്കുവഹിച്ച കേന്ദ്രസർക്കാർ തീരുമാനമായാണ് പല സാമ്പത്തിക വിദഗ്ധരും നോട്ടുനിരോധനത്തെ നോക്കിക്കാണുന്നത്. രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളുടെ വിനിയോഗം ഗണ്യമായി വർധിക്കാനിടയായത് നോട്ട് നിരോധനത്തിന് ശേഷമായിരുന്നു. 2016 നവംബറിൽ 2.9 ലക്ഷമായിരുന്നു ഇന്ത്യയിലെ യുപിഐ ഇടപാടുകൾ. എന്നാലിന്ന് യുപിഐ ഇടപാടുകളുടെ എണ്ണം 98.10 ലക്ഷം കോടിയാണെന്നാണ് കണക്ക്. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 678 കോടി യുപിഐ ഇടപാടുകൾ രാജ്യത്ത് നടന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് മുഖേന ഇന്ത്യയിൽ നടന്ന പണമിടപാടുകളിൽ റെക്കോർഡ് നിരക്കായിരുന്നു ഇത്. ദിനംപ്രതി രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുകയാണെന്നാണ് റിപ്പോർട്ട്.
















Comments