തിരുവനന്തപുരം: ഹോർലിക്‌സിൽ വിഷം ചേർത്ത് ഭർത്താവിന് നൽകിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. കാമുകനൊപ്പം ചേർന്ന് ഭാര്യ വിഷം നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന ഭർത്താവിന്റെ പരാതിയിലാണ് നെയ്യാറ്റിൻകര പോലീസ് കേസെടുക്കാൻ തയ്യാറായത്. കെഎസ്ആർടിസി ഡ്രൈവറായ പരാതിക്കാരന്റെ ആരോപണം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചർച്ചയായിരുന്നു.
ഷാരോൺ വധക്കേസ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെഎസ്ആർടിസി ഡ്രൈവറായ സുധീർ പരാതിയുമായി മുന്നോട്ടുവന്നത്. പാറശാല പോലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് സംഭവം ചർച്ചയായാതോടെ നെയ്യാറ്റിൻകര പോലീസ് കേസെടുക്കുകയായിരുന്നു. 2018 ജൂലൈയിലാണ് കേസിനാധാരമായ സംഭവം നടന്നത്.
ഒരിക്കൽ ഹോർലിക്‌സ് കുടിച്ചതിന് ശേഷം സുധീറിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. അന്ന് ഭാര്യ ശാന്തി സുധീറിന്റെ വീട്ടിലുണ്ടായിരുന്നു. തലവേദനയും ദേഹാസ്വാസ്ഥ്യവും തോന്നിയ സുധീർ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യ സ്ഥിതി വളഷായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറേണ്ടി വന്നു. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നിരുന്നതായും സുധീർ പറയുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് ഭാര്യ ശാന്തി കാമുകനോടൊപ്പം പോയത്. ഭാര്യ വീടുവിട്ടിറങ്ങി ഏകദേശം എട്ട് മാസങ്ങൾ പിന്നിട്ടപ്പോൾ അവരുടെ വസ്ത്രങ്ങൾ എല്ലാം തന്നെ നീക്കം ചെയ്യാൻ സുധീർ തീരുമാനിച്ചു. ശാന്തിയുടെ വസ്ത്രങ്ങൾ മാറ്റുന്നതിനിടെ അലുമിനിയം ഫോസ്‌ഫെയ്ഡും സിറിഞ്ചും കണ്ടെത്തി. ഹോർലിക്‌സ് കഴിച്ചതിനെ തുടർന്ന് സുധീറിനുണ്ടായ ആരോഗ്യപ്രശ്‌നങ്ങളിൽ അപ്പോഴാണ് സംശയം ജനിച്ചത്.
അലുമിനിയം ഫോസ്‌ഫൈഡ് ശരീരത്തിലെത്തിയാലുണ്ടാകുന്ന ദേഹാസ്വാസ്ഥ്യങ്ങളായിരുന്നു സുധീറിനുണ്ടായതെന്ന് കണ്ടെത്തി. ഇത് സാധൂകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടും സുധീറിന് ലഭിച്ചു. ഭാര്യയായിരുന്ന ശാന്തി കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടി തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് സുധീറിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
















Comments