മുംബൈ : ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് കോൺഗ്രസ് നേതാവ് അന്തരിച്ചു. കോൺഗ്രസ് സംഘടനാ സേവാ ദളിന്റെ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെയാണ് അന്തരിച്ചത്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ മുംബൈയിൽ വെച്ചാണ് മരണപ്പെട്ടത്.
മുംബൈയിൽ വെച്ച് യാത്രയിൽ പങ്കെടുക്കുന്നതിനിടെയാണ് കൃഷ്ണകുമാർ പാണ്ഡെ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
ത്രിവർണ്ണപതാകയും വഹിച്ചുകൊണ്ട് തനിക്കും ദിഗ്വിജയ സിംഗിനുമൊപ്പം അദ്ദേഹം നടക്കുകയായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പെട്ടെന്ന് അദ്ദേഹം പതാക മറ്റൊരാൾക്ക് കൈമാറി. 15 മിനിറ്റിനുശേഷം അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തുവെന്ന് ജയ്‌റാം രമേശ് പറഞ്ഞു.
കടുത്ത കോൺഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹം നാഗ്പൂരിൽ പാർട്ടിക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം മരിച്ചത് എന്ന് ജയ്‌റാം രമേശ് പറഞ്ഞു.
കൃഷ്ണകുമാർ പാണ്ഡെയുടെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ കോൺഗ്രസ് കുടുംബത്തിനും ഏറെ സങ്കടകരമാണ്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം എപ്പോഴും നമുക്ക് പ്രചോദനമായിരിക്കുമെന്നും രാഹുൽ ട്വീറ്റിൽ പറഞ്ഞു.
Comments