ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പ്രശംസിച്ച് നടിയും യുണിസെഫ് ഗുഡ് വിൽ അംബാസിഡറുമായ പ്രിയങ്ക ചോപ്ര. സംസ്ഥാനസർക്കാരിന്റെ സ്ത്രീകളോടുള്ള ഉത്തരവാദിത്വ മനോഭാവത്തെയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനെയുമാണ് പ്രിയങ്ക പ്രശംസിച്ചത്.യുണിസെഫിന്റെ ഒരു പരിപാടിയുടെ ഭാഗമായി ഉത്തർപ്രദേശിൽ എത്തിയതായിരുന്നു നടി.
സംസ്ഥാനം സന്ദർശിച്ചപ്പോൾ നല്ല കുറേ മാറ്റങ്ങൾ കണ്ടുവെന്നും ഇത് അനിവാര്യമായിരുന്നുവെന്നും താരം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഞാൻ ഇവിടെ ഒരു വലിയ മാറ്റം കണ്ടു. വാസ്തവത്തിൽ ഉത്തർപ്രദേശിന് ഈ മാറ്റം ആവശ്യമായിരുന്നു.സംസ്ഥാനത്ത് ഇന്ന് കൂടുതൽ പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ട്.കുട്ടികളുടെ പോഷകാഹാരത്തിനായി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ പോഷകാഹാര ആപ്പ് ഇവിടെ ആരംഭിച്ചു. ആപ്പ് വഴി, അങ്കണവാടി ജീവനക്കാർ മാത്രമല്ല, ഡോക്ടർമാർക്കും പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്താൻ കഴിയും,അവരുടെ വീടുകൾ സന്ദർശിക്കാനും അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനും അവരെ സഹായിക്കാനും കഴിയും. ഡിജിറ്റലെെസേഷനിൽ നിന്ന് സംസ്ഥാനത്തിന് വളരെയധികം പ്രയോജനം ലഭിച്ചുവെന്ന് പ്രിയങ്ക വ്യക്തമാക്കി.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലുണ്ടായ കുറവും പ്രിയങ്ക ചോപ്ര എടുത്തുപറഞ്ഞു. ഇവിടെയുള്ള വൺ സ്റ്റോപ്പ് സെന്റർ (ആശാജ്യോതി സെന്റർ) സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു.അക്രമത്തിന് ഇരയായ സ്ത്രീകളെ കാണുകയും സംസാരിക്കുകയും ചെയ്തു.സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞുവെന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു.കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടപ്പാക്കുന്ന പദ്ധതികളെയും കൊറോണ കാലത്ത് അനാഥരായ കുട്ടികൾക്കായി നടപ്പാക്കിയ പദ്ധതികളെയും താരം പ്രശംസിച്ചു. ഇതോടൊപ്പം പദ്ധതികൾ പാവപ്പെട്ടവരിലേക്ക് എത്തിക്കാനും അവരെ ബോധവത്കരിക്കാനും പ്രിയങ്ക അഭ്യർത്ഥിച്ചു.
2017 മുതൽ ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സുരക്ഷിതത്വവും സാമ്പത്തിക സ്ഥിരതയും നൽകുന്നതിന് നിരവധി വലിയ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതത്. കന്യാ സുമംഗല യോജനയിൽ നിന്ന് ഇതുവരെ 13.67 ലക്ഷത്തിലധികം പെൺകുട്ടികൾ പ്രയോജനം നേടിയിട്ടുണ്ട്. 31.50 ലക്ഷം സ്ത്രീകൾക്കാണ് അഗതി പെൻഷന്റെ ആനുകൂല്യം ലഭിക്കുന്നത്. മുഖ്യമന്ത്രി ബാലസേവാ യോജനയിലൂടെ( കൊറോണ) 12,340 സ്ത്രീകളും മുഖ്യമന്ത്രി ബാലസേവ യോജനയിലൂടെ (ജനറൽ) 10,264 സ്ത്രീകളും ആനുകൂല്യം നേടിയിട്ടുണ്ട്.
പ്രധാനമന്ത്രി സ്വാനിധി യോജനയിൽ നിന്ന് 2 ലക്ഷത്തിലധികം സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു. സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിൽ 66 ലക്ഷം ഗ്രാമീണ സ്ത്രീകളെ 6.34 ലക്ഷം സ്വയം സഹായ സംഘങ്ങളിലേക്കും 31,601 ഗ്രാമ സംഘടനകളിലേക്കും 1,735 ക്ലസ്റ്റർ തലത്തിലുള്ള യൂണിയനുകളിലേക്കും ബന്ധിപ്പിച്ചിട്ടുണ്ട്. 52,55,129 അമ്മമാർക്കാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ പ്രയോജനം ലഭിച്ചത്. 58,000 സഖികളെ തിരഞ്ഞെടുത്തു, 48,000 സഖികൾ സജീവമാണ്.
മുഖ്യമന്ത്രി സമൂഹവിവാഹ പദ്ധതി പ്രകാരം ഇതുവരെ 1,91,686 പെൺകുട്ടികളുടെ വിവാഹം നടന്നു. ഒരു കോടിയിലധികം സ്ത്രീകളെ സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കി.150 പുതിയ അങ്കണവാടികൾ സ്ഥാപിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സർക്കാർ സംസ്ഥാനത്ത് ആദ്യമായി മൂന്ന് വനിതാ പിഎസി ബറ്റാലിയനുകൾ സ്ഥാപിച്ചു.
1535 പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. മിഷൻ ശക്തി അഭിയാന്റെ മൂന്ന് ഘട്ടങ്ങളിലായി മൊത്തം 6211 പ്രതികൾ ശിക്ഷിക്കപ്പെട്ടു, അതിൽ 36 പേർക്ക് വധശിക്ഷയും 1296 പേർക്ക് ജീവപര്യന്തം തടവും ലഭിച്ചു.
ഉത്തർപ്രദേശിൽ യോഗി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയിൽ അഭൂതപൂർവമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകളെ കേന്ദ്രീകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുക മാത്രമല്ല, അതിന്റെ ആനുകൂല്യങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് വിവേചനമില്ലാതെ വ്യാപിപ്പിക്കുകയും ചെയ്തുവെന്നതാണ് ഇതിന്റെയെല്ലാം പ്രത്യേകത.
Comments