ന്യൂഡൽഹി: പോപുലർ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന്‍റെ ചികിത്സക്കായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുനാസർ മഅ്‌ദനി.അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അബൂബക്കറിന് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് മദനിയും രംഗത്തെത്തുന്നത്.
സംഘടനാപരവും ആശയപരവും ആയുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇത്തരം ഘട്ടങ്ങളിൽ നിശബ്ദത പുലർത്തുന്നതിനുള്ള കാരണം ആയിക്കൂടാ. അദ്ദേഹത്തിന് അർഹമായ ചികിത്സ നൽകുന്നതിന് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അടിയന്തിരമായ ഇടപെടൽ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും മഅ്‌ദനി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
ജാമ്യംതേടി ആദ്യം വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. തന്‍റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അബൂബക്കര്‍ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി ഹർജി തള്ളുകയും എന്‍.ഐ.എ കോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.
രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡിലാണ് യു.എ.പി.എ ചുമത്തപ്പെട്ട് ഇ.അബൂബക്കറിനെ ജയിലിലടച്ചത്. തിഹാർ ജയിലിലാണ് ഇപ്പോൾ ഇ.അബൂബക്കർ കഴിയുന്നത്.
Comments