മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അരക്കോടിയോളം വിലമതിക്കുന്ന സ്വർണവുമായി 57കാരിയെ പിടികൂടി. നിലമ്പൂർ സ്വദേശിനി ഫാത്തിമയാണ് സ്വർണവുമായി പിടിയിലായത്.
വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സ്വർണം മിശ്രിത രൂപത്തിലാക്കി വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
അടിവസ്ത്രത്തിൽ ഉൾപ്പെടെ ഇവർ സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ഇതിന് പുറമേ കയ്യിൽ മോതിരവും ധരിച്ചിരുന്നു. ആകെ 939 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 49.42 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഫാത്തിമ കരിപ്പൂരിൽ എത്തിയത്.
















Comments