ഭോപ്പാൽ: രാസവളം മോഷ്ടിച്ച കോൺഗ്രസ് എംഎൽഎ മനോജ് ചൗളയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. രാസവളം കൊള്ളയടിച്ചതിനും സർക്കാർ ജോലി തടസപ്പെടുത്തിയതിനുമാണ് അലോട്ട് മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ മനോജ് ചൗളയ്‌ക്കും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസെടുത്തത്.
വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ അലോട്ട് ടൗണിലുള്ള സർക്കാർ വെയർഹൗസിൽ നിന്നാണ് രാസവളം കൊള്ളയടിക്കപ്പെട്ടത്. ഗോഡൗൺ മാനേജരുടെ പരാതിയെ തുടർന്ന് കേസെടുക്കുകയായിരുന്നുവെന്ന് രത്ലം പോലീസ് സൂപ്രണ്ട് അഭിഷേക് തിവാരി അറിയിച്ചു.
ചൗളയും കൂട്ടാളികളും ചേർന്ന് വെയർഹൗസിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും അവരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗോഡൗണിന്റെ ഷട്ടർ തുറന്ന് വളം കൊള്ളയടിച്ചു. സംഭവത്തിന് ശേഷം ഓഡിറ്റിംഗ് നടത്തിയപ്പോൾ 21 ചാക്ക് രാസവളവും ആറ് ചാക്ക് മറ്റ് അനുബന്ധ വസ്തുക്കളും നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന് പോലീസ് പറയുന്നു.
കർഷകർ ദിവസങ്ങളായി പരാതി ഉന്നയിച്ചിരുന്നതായും അവർക്ക് രാസവളം ലഭിക്കാത്തതിനാൽ വെയർഹൗസിൽ വന്ന് പരിശോധിക്കുകയാണ് താൻ ചെയ്തതെന്നുമാണ് ചൗളയുടെ പ്രതികരണം. ഗോഡൗണിൽ രാസവളങ്ങളുടെ കരിഞ്ചന്ത നടന്നിരുന്നതായി കണ്ടെത്തിയപ്പോൾ ഇടപെടുകയായിരുന്നുവെന്നും കോൺഗ്രസ് എംഎൽഎ പറഞ്ഞു.
എന്നാൽ അലോട്ട് ടൗണിലോ പരിസര മേഖലകളിലോ രാസവളങ്ങൾക്ക് ക്ഷാമം നേരിട്ടിരുന്നതായി റിപ്പോർട്ടുകളില്ലെന്നാണ് പോലീസ് പറയുന്നത്. ജില്ലയിലാകെ 890 മെട്രിക് ടൺ യൂറിയ വിതരണം ചെയ്തതായും എവിടെയും ക്ഷാമം നേരിട്ടിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
ഓൺലൈൻ വിതരണ സംവിധാനത്തിൽ ചെറിയ തകരാർ സംഭവിച്ചിരുന്നു. അതിനാൽ ഓഫ്‌ലൈൻ മോഡിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാസവളം വിതരണം ചെയ്തിരുന്നത്. ജില്ലയിലെവിടെയും വളത്തിന് ക്ഷാമം നേരിട്ടിട്ടില്ലെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി.
















Comments