ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം 23 ഏക്കർ ഹെറിറ്റേജ് പാർക്കിൽ നിർമ്മിച്ചിരിക്കുന്ന കൂറ്റൻ നിർമ്മിതിയാണ് സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി. 108 അടി ഉയരത്തിൽ നിലകൊള്ളുന്ന ഈ വെങ്കല പ്രതിമ നാദപ്രഭു കെംപെഗൗഡയുടേതാണ്.. ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനാണ് കെംപെഗൗഡ. ഒരു നഗരസ്ഥാപകന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന പ്രത്യേകതയും സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റിക്കുണ്ട്.
ഒക്ടോബർ 11നായിരുന്നു ‘അഭിവൃദ്ധിയുടെ പ്രതിമ’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചത്. 218 ടൺ ഭാരമുള്ള ഈ വെങ്കല നിർമ്മിതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന വാളിന് 4 ടൺ ഭാരമുണ്ട്. 35 അടി നീളത്തിലാണ് വാൾ നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തിന്റെ വളർച്ചയ്‌ക്കായി നാദപ്രഭു നൽകിയ സംഭാവനകളുടെ സ്മരണയ്‌ക്ക് വേണ്ടിയാണ് അഭിവൃദ്ധിയുടെ പ്രതിമ നിർമ്മിച്ചത്.
98 ടൺ വെങ്കലവും 120 ടൺ സ്റ്റീലും ഉപയോഗിച്ച് 84 കോടി രൂപ ചിലവിലാണ് സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റിയെന്ന നിർമ്മിതി പണിതുയർത്തിയത്. ഈ പ്രതിമ രൂപകൽപന ചെയ്തത് പ്രശസ്ത ശിൽപിയും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ രാം വൻജി സുതാറാണ്. ഗുജറാത്തിലെ ഏകതാ പ്രതിമ തയ്യാറാക്കിയതും ഇദ്ദേഹമായിരുന്നു.
പതിനാറാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള ഭരണാധികാരിയായിരുന്നു കെംപെഗൗഡ. ഇന്ന് ബെംഗളൂരു എന്നറിയപ്പെടുന്ന നഗരത്തിന് 1537ൽ ഇദ്ദേഹമാണ് അടിത്തറ പാകിയത്. പതിവുപോലെ ഒരുദിവസം വേട്ടയ്‌ക്കിറങ്ങിയപ്പോഴായിരുന്നു പുതിയ നഗരം പണിയാനുള്ള ആശയം അദ്ദേഹത്തിനുണ്ടാകുന്നത്. ക്ഷേത്രങ്ങൾ, വാട്ടർ ടാങ്കുകൾ, കോട്ട, കന്റോൺമെന്റ് എന്നിവയെല്ലാമുള്ള ഒരു നഗരം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് എഡി 1537-ൽ ബെംഗളൂരു നഗരം നിർമ്മിക്കാനാരംഭിക്കുകയായിരുന്നു.
സമൂഹത്തിൽ നിലനിന്നിരുന്ന ക്രൂരമായ പല അനാചാരങ്ങളും തുടച്ചുനീക്കിയ മഹാവ്യക്തിത്വം കൂടിയായിരുന്നു നാദപ്രഭു. സ്ത്രീ വിധവയാകുമ്പോൾ ഇടതുകൈയിലെ വിരലുകൾ മുറിച്ചുകളയുന്ന ‘ബന്ദി ദേവരു’ എന്ന സമ്പ്രദായം നിരോധിച്ചത് ഇദ്ദേഹമായിരുന്നു. ജനങ്ങളുടെ ക്ഷേമത്തിന് എപ്പോഴും പ്രാധാന്യം നൽകുന്ന ദാർശനികനായിരുന്നു അദ്ദേഹം. 1569-ലാണ് നാദപ്രഭു മരിച്ചതെന്ന് ചരിത്രം സൂചിപ്പിക്കുന്നു.
















Comments