ന്യൂഡൽഹി: ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തന്നേക്കാൾ പ്രതിഭയുള്ള താരമാണെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. കരിയറിന്റെ തുടക്കത്തിൽ പലപ്പോഴും സച്ചിന്റെ കേളീശൈലി മാതൃകയാക്കാൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലെ ആകാൻ ശ്രമിക്കുക എന്നാണ് ക്രിക്കറ്റിനെ സീരിയസ് ആയി കാണാൻ ആഗ്രഹിക്കുന്ന യുവതാരങ്ങളോട് എനിക്ക് പറയാനുള്ളത്. അപ്പോൾ അദ്ദേഹത്തിന്റെ നിഴൽ പോലെ എങ്കിലും ആകാൻ സാധിക്കും. ക്രിക്കറ്റിൽ സമാനതകളില്ലാത്ത പ്രതിഭയ്‌ക്ക് ഉടമയാണ് സച്ചിനെന്നും ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ ലാറ പറഞ്ഞു.
ക്രീസിന്റെ ആനുകൂല്യം പരമാവധി ചൂഷണം ചെയ്ത് സ്ട്രോക്കുകൾ കളിക്കുന്ന ലാറ, എന്നും തന്നെ വിസ്മയിപ്പിച്ച താരമാണ് എന്നായിരുന്നു സച്ചിന്റെ മറുപടി. ദൈവത്തിന്റെ കരസ്പർശമേറ്റ പ്രതിഭയാണ് ലാറ. ആർക്കും അനുകരിക്കാൻ സാധിക്കാത്ത കേളീശൈലിയാണ് അദ്ദേഹത്തിന്റെ അതുല്യ സവിശേഷതയെന്നും സച്ചിൻ പറഞ്ഞു.
ഏറെക്കുറേ സമാനമായ കാലത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് കടന്നു വരികയും, പിന്നീട് ക്രിക്കറ്റിന്റെ ചരിത്രം തങ്ങളുടെ പേരിൽ എഴുതി ചേർക്കുകയും ചെയ്ത രണ്ട് ഇതിഹാസ താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയും. ഏകദിനത്തിൽ പതിനായിരത്തിന് മുകളിൽ റൺസ് സ്കോർ ചെയ്തിട്ടുള്ള ഇരുവരും നാൽപ്പതിന് മുകളിൽ ബാറ്റിംഗ് ശരാശരി ഉള്ളവരാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ലാറയുടെ പേരിലാണ്. എന്നാൽ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറികളും നേടിയിരിക്കുന്നത് സച്ചിനാണ്.
Comments