ന്യൂഡൽഹി: മദ്യനയ കുഭകോണക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രധാന സഹായി വിജയ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇ.ഡി. കേസിൽ സിബിഐ കസ്റ്റഡിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് അറസ്റ്റ് ചെയ്തത്.
ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് മേധാവിയാണ് വിജയ് നായർ. ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള മദ്യ വ്യവസായികൾക്കായി സർക്കാരിലെ ഉന്നതരെ സ്വാധീനിച്ചെന്നാരോപിച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. വ്യവസായി അഭിഷേക് ബോയിൻപള്ളിയും വിജയ് നായർക്കൊപ്പം അറസ്റ്റിലായി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രത്യേക കോടതിയിൽ നിന്ന് ഇ.ഡി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ സാദ്ധ്യതയുള്ളതായാണ് വിവരം.
സിബിഐ കോടതിയിൽ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ നൽകിയത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ ആയിരുന്ന വിജയ് നായർ കൂട്ടാളികളുമായി ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടുവെന്നും ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ മദ്യനയം രൂപീകരിച്ച് നടപ്പാക്കിയെന്നും സിബിഐ വാദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ 169 ഇടങ്ങളിലാണ് തിരച്ചിൽ നടത്തിയത്. മദ്യകമ്പനികളുടെ ഉദ്യോഗസ്ഥരടക്കം നിരവധി ഉന്നതരും ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
Comments