ഏതൊരസുഖത്തിനും കുഞ്ഞിന് ആന്റിബയോട്ടിക്സ് കൊടുക്കുന്ന ആളാണോ നിങ്ങൾ. എങ്കിൽ കേട്ടോളു, ദീർഘകാല അസുഖങ്ങളിലേക്കും കുറഞ്ഞ രോഗപ്രതിരോധശേഷിയിലേക്കുമാണ് ഇത് കുട്ടിയെ നയിക്കുന്നത്..
ഒരു ചെറിയ പ്രശ്നം വന്നാൽ പോലും ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയില്ലെങ്കിൽ പല രക്ഷിതാക്കൾക്കും സമാധാനമുണ്ടാകില്ല. അസുഖത്തിന് പെട്ടന്നു ശമനമാകുമെങ്കിലും ഭാവിയിൽ ഇത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഓരോ വ്യക്തിയുടെയും ശരീരത്തിൽ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട്. ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും നല്ല ബാക്ടീരിയകൾ ആവശ്യമാണ്. എന്നാൽ ആന്റിബയോട്ടിക്സ് ഈ രണ്ടു ബാക്ടീരിയകളെയും നശിപ്പിക്കും. വൈറ്റമിൻ കെ, വൈറ്റമിൻ ബി ഉൾപ്പെടെയുള്ള ന്യൂട്രിയന്റ്സിനെയും ഇത് സാരമായി ബാധിക്കും.
ഇനി വൈറസുകളുടെ കാര്യമെടുക്കാം. രോഗം പ്രകടമാകുന്നതിനു മുൻപ് തന്നെ വൈറസുകൾ ശരീരത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് ജലദോഷം. ഇവയ്‌ക്കും ആന്റിബയോട്ടിക്സ് ഫലപ്രദമല്ല.
ആന്റിബയോട്ടിക്സിന്റെ ദൂഷ്യവശങ്ങൾ
100ൽ 5 കുട്ടികൾക്ക് ആന്റിബയോട്ടിക്സിന്റെ ഉപയോഗം അലർജി ഉണ്ടാക്കുന്നുണ്ട്. ശരീരത്തിൽ നീര് വരിക, ചൊറിച്ചിൽ ഉണ്ടാവുക, ചുവന്ന പാടുകൾ ഉണ്ടാവുക എന്നതെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം.
അതുപോലെ 10ൽ ഒരാൾക്ക് ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയവയും ഇതിന്റെ പാർശ്വഫലങ്ങളായി ഉണ്ടാകാറുണ്ട്.
മരുന്നിന്റെ തുടർച്ചയായ ഉപയോഗം കുഞ്ഞിനെ ആന്റിബയോട്ടിക് റെസിസ്റ്റന്റ് ആക്കി മാറ്റും. മരുന്നുകൾ പല രോഗങ്ങൾക്കും ഫലപ്രദമാകാതെ വരും. ഇത്തരം കേസുകളിൽ രോഗം ഭേദമാകാൻ ഡോസ് കൂടുതൽ നൽകേണ്ടി വരും.
എപ്പോഴാണ ആന്റിബയോട്ടിക്സ് ആവശ്യമായി വരുന്നത്
ചില അസുഖങ്ങൾക്ക് ആന്റിബയോട്ടിക്സ് നിർബന്ധിതമായി ഉപയോഗിക്കേണ്ടി വരാറുണ്ട്.
* 14 ദിവസത്തിൽ കൂടുതൽ നിൽക്കുന്ന ചുമ
* ന്യുമോണിയ
* കടുത്ത പനിയും പച്ചയും മഞ്ഞയും കലർന്ന മൂക്കൊലിപ്പും
* ചെവി വേദന
* മൂത്രാശയ രോഗങ്ങൾ
* തൊണ്ടയിലുണ്ടാകുന്ന കൂടിയ ചുവപ്പ് നിറം
ജലദോഷവും പനിയും ഒരു പരിധി വരെ നമ്മുടെ കുഞ്ഞുങ്ങളെ ആക്രമിക്കാതിരിക്കാൻ ചില നാട്ടുവിദ്യകളും നമുക്ക് പ്രയോഗിക്കാം.
* കടുകെണ്ണയിൽ 2-3 അല്ലി വെളുത്തുള്ളിയും അൽപ്പം അയമോദകവും ചേർക്കുക. ഇത് കുട്ടിയുടെ നെഞ്ചിലും പുറത്തും കാൽപ്പാദത്തിലും പുരട്ടുക.
* ഇഞ്ചിനീരിൽ തേൻ ചേർത്ത് കഴിക്കുക
* മുറിയിൽ എല്ലായ്പ്പോഴും ഇളം ചൂട് നിലനിർത്തുക
* ഉപ്പ് വെള്ളം ഗാർഗിൾ ചെയ്യിക്കുക
* നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം ധാരാളം കുടിപ്പിക്കുക, കഞ്ഞിവെള്ളം ഉപ്പിട്ടു നൽകുന്നതും നല്ലതാണ്.
















Comments