ഭോപ്പാൽ: അനാഥാലയങ്ങളുടെയും ചിൽഡ്രൻസ് ഹോമുകളുടെയും മറവിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നു എന്ന പരാതിയെ തുടർന്ന് മദ്ധ്യപ്രദേശിലെ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി ദേശീയ ബാലാവകാശ കമ്മീഷൻ. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ദാമോയിൽ പത്ത് പേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
മദ്ധ്യപ്രദേശ് സംസ്ഥാന ബാലാവകാശ കമ്മീഷനുമായി ചേർന്നാണ് പരിശോധന നടത്തിയതെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ അറിയിച്ചു. മതപരിവർത്തനത്തിന് പുറമേ, ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളെ കന്യാസ്ത്രീമാരും സുവിശേഷ പ്രചാരകമാരും ആക്കാൻ ശ്രമങ്ങൾ നടക്കുന്നതായും കമ്മീഷൻ കണ്ടെത്തി.
കുട്ടികളെ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം മതഭ്രാന്തുകൾ ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ക്രൈസ്തവ പുരോഹിതർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ശിവകുമാർ സിംഗ് വ്യക്തമാക്കി. ഹൈന്ദവ- ഇസ്ലാം സമുദായങ്ങളിൽ പെട്ട കുട്ടികളെ മതപരിവർത്തനം നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി. ഇനിയും ഇത്തരത്തിൽ മിന്നൽ പരിശോധനകൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments