ലക്നൗ : ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ ആദരവ് പുതിയ കരാറിന്റെയോ, സ്ഥാനമാനങ്ങളുടെയോ പേരിലല്ല . മറിച്ച് നന്മയേറിയ മനസിന്റെ പേരിലാണ് . സാമ്പത്തിക പരാധീനതകൾ കാരണം മരണവുമായി പൊരുതുന്ന നാലു വയസ്സുകാരിയുടെ ചികിത്സാ ചിലവാണ് ഗൗതം അദാനി ഏറ്റെടുത്തിരിക്കുന്നത്.
ലക്നൗ സരോജിനി നഗർ സ്വദേശിയായ 4 വയസ്സുകാരി മനുശ്രീ പിറന്നത് തന്നെ ഹൃദയ തകരാറുമായാണ് . ഹൃദയത്തിന്റെ ഒരു ഭാഗത്തായി സുഷിരമുള്ള മനുശ്രീയുടെ ചികിത്സാ ചിലവ് കുടുംബത്തിനു താങ്ങാനാവുന്നതിനും അപ്പുറമാണ്.
ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ ചികിത്സയ്‌ക്കായി 1.25 ലക്ഷം രൂപയാണ് ചിലവ് നിശ്ചയിച്ചിരിക്കുന്നത് . എന്നാൽ സാമ്പത്തിക പരാധീനതയിൽ ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താനായില്ല. ഇതിന് പിന്നാലെ കുട്ടിയെ സഹായിക്കാൻ ചിലർ സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
ഈ അഭ്യർത്ഥന വൈകാതെ ഫലം കണ്ടു. മനുശ്രീയെ കുറിച്ചുള്ള പോസ്റ്റ് രാജ്യത്തെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ അടുത്തെത്തി. മനുശ്രീയെ സഹായിക്കാൻ അദ്ദേഹം ഉടൻ തന്നെ മുന്നിട്ടിറങ്ങി.
മനുശ്രീയുടെ ചികിൽസയുടെ മുഴുവൻ ചെലവും വഹിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, ‘മനുശ്രീ വളരെ വേഗം സുഖം പ്രാപിക്കും, ഈ കുടുംബവുമായി ബന്ധപ്പെടാനും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും ഞാൻ അദാനി ഫൗണ്ടേഷനോട് നിർദേശിച്ചിട്ടുണ്ട് . മനുശ്രീക്ക് ഉടൻ തന്നെ സ്‌കൂളിലേക്ക് മടങ്ങാനും സുഹൃത്തുക്കളോടൊപ്പം കളിക്കാനും കഴിയും ‘ അദാനി ട്വിറ്ററിൽ കുറിച്ചു. അദാനിയുടെ ഈ ട്വീറ്റ് വൈറലായിരിക്കുകയാണ്.
















Comments