800 കോടി ജനങ്ങളുള്ള ഗ്രഹം, അതാണിന്ന് നമ്മുടെ ഭൂമി. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ പ്രകാരം നവംബർ 15ന് ലോകജനസംഖ്യ 800 കോടി അഥവാ 8 ബില്യണിലെത്തിയിരിക്കുകയാണ്. ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ പ്രകാരം 2030ൽ ലോകജനസംഖ്യ 8.5 ബില്യണിലേക്കും (850 കോടി), 2050-ൽ 9.7 ബില്യണിലേക്കും 2080-കളിൽ അത് 10.4 ബില്യണായി (1004 കോടി) ഉയരുമെന്നുമാണ് നിഗമനം. 2080 മുതൽ 2100 വരെ ഈ കണക്ക് സ്ഥിരതയോടെ നിന്നേക്കും.
നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ആഗോളജനസംഖ്യയിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഐക്യരാഷ്‌ട്രസഭ ഈ വർഷം ജൂലൈ 11ന് പുറത്തിറക്കിയ റിപ്പോർട്ടിൽ 2023ൽ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നാണ് പ്രവചനം. അമേരിക്ക, ഇന്തൊനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളാണ് ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും പിന്നിലായി ജനസംഖ്യാ വളർച്ചയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങൾ.
അത്യാധുനിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനാൽ ലോകത്ത് മരണനിരക്കും വളരെ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും എട്ട് രാജ്യങ്ങളിലാണ് ജനസംഖ്യാ വളർച്ച കൂടുതലായി രേഖപ്പെടുത്തുന്നത്. ഇന്ത്യ, പാകിസ്താൻ, എത്യോപ്യ, നൈജീരിയ, കോംഗോ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ അടുത്ത മുപ്പത് വർഷങ്ങളിൽ വലിയ തോതിൽ ജനസംഖ്യ വർധിക്കുമെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയും ചൈനയും ചേർന്നാൽ ആഗോള ജനസംഖ്യയുടെ 37 ശതമാനം വരും.
















Comments