ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.
ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1943ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂർത്തി എന്നതാണ് യഥാർത്ഥ പേര്. 1960കളിൽ തെലുങ്ക് സിനിമകളിലെ സൂപ്പർ താരമായിരുന്നു. 1961ൽ പുറത്തിറങ്ങിയ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1965ൽ പുറത്തിറങ്ങിയ തേനേ മനസുലു എന്ന ചിത്രത്തിലൂടെയാണ് നായകപദവിയിലേക്ക് എത്തുന്നത്. 350ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് അവസാന ചിത്രം. 2009ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.
ഇന്ദിരാദേവിയാണ് ആദ്യ ഭാര്യ. നടന്മാരായ മഹേഷ്ബാബു, രമേശ് ബാബു, മഞ്ജുള, പ്രിയദർശിനി, പത്മാവതി തുടങ്ങിയവരാണ് മക്കൾ. ഈ വർഷം സെപ്തംബറിലാണ് ഇന്ദിരാദേവി മരിക്കുന്നത്. രണ്ടാം ഭാര്യയായിരുന്ന നടി വിജയ നിർമല 2019ൽ മരിച്ചു.
















Comments