ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊലക്കേസിൽ സുപ്രീംകോടതി ജയിൽമോചിതനാക്കിയ ഭർത്താവ് മുരുകനെ ക്യാമ്പിൽ നിന്ന് പുറത്ത് വിടണമെന്ന് കൊലക്കേസിലെ മറ്റൊരു പ്രതിയായിരുന്ന നളിനി. ജയിലിൽ നിന്ന് വിട്ടയച്ചെങ്കിലും ശ്രീലങ്കൻ പൗരന്മാരായിരുന്ന ശാന്തൻ, ശ്രീഹരൻ എന്ന മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ ട്രിച്ചിയിലെ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്.
വിദേശീയരെ പാർപ്പിക്കുന്ന ഈ ക്യാമ്പിൽ നിന്ന് മുരുകനെ വിട്ടയക്കാനാണ് നളിനി സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. എനിക്ക് ഇതുവരെ ഭർത്താവിനെ കാണാനായിട്ടില്ല. അതുകൊണ്ടുതന്നെ ഒട്ടും സന്തോഷവതിയുമല്ല. കഴിയുന്നത്ര നേരത്തെ അദ്ദേഹത്തെ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ ഇടപെടണം എന്നായിരുന്നു നളിനിയുടെ അഭ്യർത്ഥന.
വാർത്താസമ്മേളനത്തിൽ തങ്ങളുടേത് കോൺഗ്രസ് കുടുംബമാണെന്ന് നളിനി വെളിപ്പെടുത്തി. ഞങ്ങളുടേത് ശരിക്കും കോൺഗ്രസ് കുടുംബമാണ്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് ഞങ്ങൾക്ക് വലിയ ദു:ഖമാണ് സമ്മാനിച്ചത്. ആ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല. രാജീവ് ഗാന്ധി വധക്കേസിൽ എന്നെ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ആ കുറ്റത്തിൽനിന്ന് എന്നെ മോചിപ്പിക്കണം.അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആരാണെന്ന് ഞങ്ങൾക്ക് അറിയില്ലെന്നായിരുന്നു നളിനിയുടെ പരാമർശം.
അതേസമയം ജയിൽമോചിതരായ ശ്രീലങ്കൻ പൗരന്മാരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ട്രിച്ചി ക്യാമ്പിലുള്ള നാലുപേരുടേയും പൗരത്വം സംബന്ധിച്ച് ശ്രീലങ്ക നൽകുന്ന മറുപടിക്ക് അനുസൃതമായിട്ടാകും തുടർ നടപടി.
















Comments