അഭിമുഖത്തിനിടെ സിനിമാ നിരൂപകരെ വിമർശിച്ചു കൊണ്ട് സംവിധായിക അഞ്ജലി മേനോൻ നടത്തിയ പ്രതികരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിവാദമായിരുന്നു. ഒരാൾ സിനിമയെ കുറിച്ച് എഴുതുന്നതിന് മുമ്പ് സിനിമാ പ്രക്രിയ എന്തെന്നും, സിനിമ എങ്ങനെ രൂപപ്പെടുന്നുവെന്നും അറിഞ്ഞിരിക്കണമെന്നടക്കമുള്ള വാദങ്ങളായിരുന്നു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ നടത്തിയത്. സിനിമാ പ്രേമികൾക്കിടയിൽ സംവിധായികയുടെ വാക്കുകൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ അഞ്ജലി മേനോന്റെ പരാമർശത്തെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി.
‘ഞാൻ സിനിമ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാൻ. നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that’ എന്നാണ് വിവാദത്തിൽ പ്രതികരിച്ചു കൊണ്ട് ജൂഡ് ആൻ്റണി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘എങ്ങനെയാണ് ഒരു സിനിമ ഉണ്ടാകുന്നത്? ടെക്നിക്കൽ കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ സിനിമയ്‌ക്ക് ലാഗുണ്ട് എന്ന് പറയുന്ന ടേംസ് ഉണ്ടല്ലോ..എന്താണിത്. ഇങ്ങനെത്തെ കമന്റ് പറയുമ്പോൾ എഡിറ്റിംഗ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഒരു സിനിമയുടെ പേസ് എന്താണെന്ന് ഒരു സംവിധായകൻ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. സിനിമ എന്ന മാദ്ധ്യമത്തെ മനസിലാക്കേണ്ടത് സുപ്രധാനമാണ്. റിവ്യൂ ചെയ്യുന്നവർ കുറച്ച് കൂടി സിനിമയെന്ന മാദ്ധ്യമത്തെ മനസിലാക്കി സംസാരിക്കണം. അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസം വളരെ പ്രധാനമാണ്’ എന്നാണ് അഞ്ജലി മേനോൻ പറഞ്ഞത്.
















Comments