ബാലി : ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പല രാജ്യങ്ങളിലെ നേതാക്കളും കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെയ്‌ക്കുകയും ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ആലിംഗനം ചെയ്ത വീഡിയോ ഉൾപ്പെടെ വൈറലാവുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നടത്തിയ സംഭാഷണമാണ് ശ്രദ്ധ നേടുന്നത്. ക്യാമറയ്‌ക്ക് മുന്നിൽ നിന്ന് ഇരുവരും പരസ്യമായി വഴക്കിടുന്ന വീഡിയോയാണിത്.
നമ്മൾ ചർച്ച ചെയ്തതെല്ലാം ചോർന്നുവെന്നും അത് ഒട്ടും ഉചിതമായില്ലെന്നുമാണ് ട്രൂഡോയുമായി വഴക്കിട്ടുകൊണ്ട് ഷി ജിൻ പിംഗ് പറഞ്ഞത്. നമ്മുടെ സംഭാഷണം അങ്ങനെയായിരുന്നില്ലെന്നും ഷി ജിൻ പിംഗ് പറയുന്നുണ്ട്.
എന്നാൽ തങ്ങൾ തുറന്ന സംഭാഷണത്തിലാണ് വിശ്വസിക്കുന്നത് എന്ന് കാനേഡിയൻ പ്രധാനമന്ത്രി തുറന്നടിച്ചു. സ്വാതന്ത്ര്യമാണ് വലുത്, അത് തന്നെയാണ് ഇപ്പോൾ തുടരുന്നതും. ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും എന്നാൽ ചിലകാര്യങ്ങളിൽ തീർച്ചയായും വിയോജിപ്പുകൾ ഉണ്ടാകുമെന്നും ട്രൂഡോ വ്യക്തമാക്കുന്നുണ്ട്.
Heated argument caught on camera between Chinese President Xi Jinping & Canadian PM Justin Trudeau at the #G20Summit today. Xi expresses displeasure over details of talks being leaked in media, Canadian PM responds that he believes in free and fair talks.pic.twitter.com/WfibU9RG0h
— Aditya Raj Kaul (@AdityaRajKaul) November 16, 2022
എന്നാൽ നമുക്കാദ്യം നിബന്ധനകൾ രൂപീകരിക്കാമെന്നും ഷി ജിൻ പിംഗ് പറയുന്നുണ്ട്. സംഭാഷണത്തിലുടനീളം ചൈനീസ് പ്രസിഡന്റ് അസ്വസ്ഥനായിരിക്കുന്നത് കാണാനാകും. സംഭാഷണത്തിന് ശേഷം ഇരുവരും ഹസ്തദാനം ചെയ്ത് പോകുന്നതും കാണാം.
കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളിലെയും നേതാക്കൾ ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കനേഡിയൻ തെരഞ്ഞെടുപ്പുകളിൽ ചൈനീസ് ഇടപെടലിനെക്കുറിച്ച് ട്രൂഡോ ആശങ്ക ഉന്നയിച്ചിരുന്നു. യുക്രെയ്ൻ, ഉത്തരകൊറിയ എന്നിവിടങ്ങളിലെ യുദ്ധത്തെ സംബന്ധിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു.
Comments