മലപ്പുറം: കേരള നദ്വത്തുൽ മുജാഹിദീന്റെ (കെ.എൻ.എം) 10-ാം സംസ്ഥാന സമ്മേളനത്തിന് ആശംസ നേർന്നു കൊണ്ട് എ.എം ആരിഫ് പറഞ്ഞ വാക്കുകൾ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ, ആരിഫ് എം.പിയുടെ സന്ദേശം തെറ്റല്ല എന്നും വിവാദമാക്കിയവർ ക്രിക്കറ്റ് താരം ജോസ് ബട്ലറെ കണ്ടു പഠിക്കണമെന്നും പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ. ടി20 ലോകകപ്പിന്റെ ഫെെനലിൽ പാകിസ്താനെ കീഴടക്കിയ ശേഷം ഷാമ്പയിൻ പൊട്ടിച്ച് ഇംഗ്ലണ്ട് വിജയം ആഘോഷിച്ചപ്പോൾ ടീം അംഗങ്ങളായ മോയിൻ അലിയെയും ആദിൽ റഷീദിനെയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ മാറ്റി നിർത്തിയത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് എ.എം ആരിഫിന്റെ സന്ദേശത്തെ കെ.ടി ജലീൽ ന്യായീകരിച്ചത്.
‘എല്ലാം ഒരു കുപ്പിയിൽ കുത്തിനിറച്ച് ഒന്നാക്കാൻ വെമ്പൽ കൊള്ളുന്ന എല്ലാ രാജ്യങ്ങളിലുമുള്ള ഭ്രാന്തൻ യാഥാസ്തികർക്കായി ജോസ് ബട്ലറുടെ കരുതൽ സമർപ്പിക്കുന്നു. മദ്യസേവയോട് മതപരമായ കാരണങ്ങളാൽ താൽപര്യമില്ലാത്ത തന്റെ ടീമിലെ മൊയിൻ അലിയെയും ആദിൽ റഷീദിനെയും മാറ്റി നിർത്താൻ ബട്ലർ കാണിച്ച കരുതൽ വലിയ പ്രശംസയാണ് പിടിച്ചുപറ്റിയത്. എല്ലാം ഒരു കുപ്പിയിൽ കുത്തിനിറച്ച് ഒന്നാക്കാൻ വെമ്പൽ കൊള്ളുന്ന എല്ലാ രാജ്യങ്ങളിലുമുള്ള ഭ്രാന്തൻ യാഥാസ്തികർക്കായി ജോസ് ബട്ലറുടെ കരുതൽ സമർപ്പിക്കുന്നു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എ.എം ആരിഫ് എം.പി സന്ദേശം കൊടുത്തപ്പോൾ “സലാം” ചൊല്ലി എന്നും പറഞ്ഞ് വിവാദമാക്കിയ ചാനലുകാരും സോഷ്യൽ മീഡിയയിലെ സ്ഥിരം ഉറഞ്ഞുതുള്ളൽകാരും ഇതൊക്കെയൊന്ന് കണ്ണ് തുറന്ന് കാണണം’ എന്നാണ് കെ.ടി.ജലീൽ പറഞ്ഞത്.
‘അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വ ബറകത്ത്ഹു’ എന്ന് പറഞ്ഞുകൊണ്ടാണ് ആരിഫ് എംപി ആശംസ പറഞ്ഞു തുടങ്ങിയത്. ‘ഇന്നത്തെ സാഹചര്യത്തിൽ വളരെ ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പേടേണ്ട ഒരു വലിയ സന്ദേശമാണ് സമ്മേളനം നൽകുന്നത്. മതം എന്നു പറയുന്നത് അള്ളാഹുവിന്റെ മുന്നിൽ അല്ലാതെ മറ്റാരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല എന്നാണ്. അള്ളാഹുവിനേയും റസൂലിനെയുമാണ് നാം ഭയപ്പെടുന്നത്. അതിലുപരി മറ്റാരെയും ഭയപ്പെടേണ്ടതില്ല’ എന്നിങ്ങനെയാണ് ആശംസയിൽ ആരിഫ് എംപി പറഞ്ഞത്.
Comments