ഗുരുഗ്രാം: പശുക്കളെ മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ കണ്ണിൽ പെട്ട കന്നുകാലിക്കടത്തുകാർ മിണ്ടാപ്രാണികളോട് ചെയ്തത് കൊടും ക്രൂരത. നാട്ടുകാർ പിന്തുടരുന്നത് തടയാൻ കന്നുകാലിക്കടത്തുകാർ പശുക്കളെ ഓടുന്ന വാഹനത്തിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരുടെ നേർക്ക് സ്ഫോടകവസ്തുക്കളും കല്ലുകളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ, ഒടുവിൽ പിടിയിലായി.
ഗുരുഗ്രാം സെക്ടർ 37ൽ ചൊവ്വാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. ജീവൻ പണയം വെച്ച് അക്രമികളെ പിന്തുടർന്ന ഗോരക്ഷാ പ്രവർത്തകർ, ഒടുവിൽ വാഹനം തടഞ്ഞ് പശുക്കടത്തുകാരെ സഹസികമായി പിടികൂടി. വാഹനവും പശുക്കളെയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിയ ശേഷം തൂണിൽ കെട്ടിയിട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന ബജ്രംഗ് ദൾ പ്രവർത്തകർ ഒടുവിൽ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി കന്നുകാലിക്കടത്തുകാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവങ്ങൾ മുഴുവൻ നാട്ടുകാർ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കന്നുകാലിക്കടത്തുകാരും നാട്ടുകാരും തമ്മിൽ പ്രദേശത്ത് സംഘർഷം പതിവാണെന്ന് പോലീസ് പറയുന്നു. അടുത്തയിടെ പശുക്കളെയും കടത്തി പോയ അക്രമികളുടെ വാഹനം ഗോൾഫ് കോഴ്സ് റോഡിൽ മറിഞ്ഞ് രണ്ട് കന്നുകാലിക്കടത്തുകാർക്ക് മാരകമായി പരിക്കേറ്റിരുന്നു.
















Comments